തിരുവനന്തപുരം: ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ, നെയ്യഭിഷേകം നടത്താനെത്തുന്നവരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി. അഭിഷേകത്തിന് രസീതെടുത്തവരെ സന്നിധാനത്ത് നിർദ്ദിഷ്ട മേഖലകളിൽ തങ്ങാൻ അനുവദിക്കും. അതേസമയം, നിലവിലെ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിരോധനാജ്ഞയും തുടരണമെന്നാണ് പൊലീസിന്റെ ശുപാർശ. കൂടുതൽ ഇളവു നൽകിയാൽ ക്രമസമാധാന നില വഷളാവുമെന്നാണ് വിശദീകരണം.
നടപ്പന്തലിൽ ഭക്തർക്കുള്ള നിയന്ത്രണം നീക്കുന്നത് വിശദമായ പരിശോധനകൾക്ക് ശേഷം മതിയെന്ന് തീരുമാനിച്ചു. അവിടെ വിരിവയ്ക്കാൻ അനുവദിച്ചാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന നിലപാടിലാണ് പൊലീസ്. അതിനിടെ, ഞായറാഴ്ചത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സന്നിധാനത്തെത്താനുള്ള എല്ലാ കാനനപാതകളും പൊലീസ് നിയന്ത്രണത്തിലാക്കി.
പ്രസാദ വിതരണ കൗണ്ടറുകളും സന്നിധാനത്തെ കടകളും രാത്രി 11ന് അടയ്ക്കണമെന്ന പൊലീസിന്റെ നിർദ്ദേശം തള്ളിയിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലും കൗണ്ടറുകൾ തുറന്ന് പ്രസാദവിതരണം നടത്തണമെന്ന ഡി.ജി.പിയുടെ ശുപാർശ ബോർഡ് പരിഗണിക്കും. ഗസ്റ്റ് ഹൗസുകളിലെ 420 മുറികളിൽ ഓൺലൈൻ ബുക്കിംഗ് നടത്തിയവർക്ക് പരമാവധി ഒരു ദിവസം സന്നിധാനത്ത് തങ്ങാം.
എന്തൊക്കെ കാരണങ്ങളാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് വിശദീകരിച്ച് ഹൈക്കോടതിയിൽ നൽകേണ്ട സത്യവാങ്മൂലം തയ്യാറാക്കാൻ ഡി.ജി.പിയോട് സർക്കാർ നിർദ്ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇന്റലിജൻസിന്റെയും മുന്നറിയിപ്പുകൾ സഹിതമാവും റിപ്പോർട്ട് നൽകുക.