കോവളം: കോവളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ വിവിധ പദ്ധതികൾ കൊട്ടിഘോഷിച്ചെങ്കിലും കോവളം ബീച്ചിന്റെ വികസനം സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. ഉത്തരവാദിത്വ ടൂറിസം, മാസ്റ്റർ പ്ലാൻ തുടങ്ങിയ വിവധ പദ്ധതികളാണ് എങ്ങുമെത്താതെ കിടക്കുന്നത്. വിദേശസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പുതിയ നിർമാണപ്രവർത്തനങ്ങൾ ഉടൻ നടത്തുന്നതിനായി 56 ലക്ഷം രൂപയാണ് അടുത്തിടെ സർക്കാർ കോവളം ബീച്ചിന് അനുവദിച്ചത്. കാലതാമസം കൂടാതെ പദ്ധതികളെല്ലാം നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി തന്നെ പ്രഖ്യാപനവും നടത്തിയിരുന്നു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി ടിവി കാമറകൾ സ്ഥാപിച്ചതല്ലാതെ അടിസ്ഥാന സൗകര്യം ഒരുക്കലോ നിർമ്മാണമോ കോവളത്ത് നടന്നിട്ടില്ലെന്ന് ആരോപണം വ്യാപകമാണ്. രാത്രി ബീച്ചിൽ വെളിച്ചം ഉറപ്പുവരുത്തുന്നതിന് പരിസ്ഥിതിസൗഹൃദ സോളാർ വിളക്കുകൾ സ്ഥാപിച്ചെങ്കിലും പലയിടങ്ങളിലും വെളിച്ചം എത്തിയില്ലെന്ന് കച്ചവടക്കാർ പറയുന്നു. ബീച്ചിലെ നടപ്പാത നവീകരിക്കുന്നതിന് 25 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ നാളിതുവരെയായിട്ടും യാതൊരു നിർമ്മാണവും ആരംഭിച്ചിട്ടില്ല.
ബീച്ച് നവീകരണത്തിന് സർക്കാർ അനുവദിച്ച തുക: 56 ലക്ഷം
ബീച്ചിലെ നടപ്പാത നവീകരണത്തിന് 25 ലക്ഷം
പരാതികളിൽ മുങ്ങി കോവളം ടൂറിസം
നടപ്പാതയിൽ പലയിടങ്ങളിലും ടൈലുകൾ അടർന്ന് മാറിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ മത്സരം നേരിടുന്ന വ്യവസായം എന്ന നിലയിൽ കോവളം ടൂറിസത്തിന് അന്താരാഷ്ട്ര നിലവാരമുള്ള സേവനം ലഭ്യമാക്കേണ്ടതാണ്. റോഡ്, കുടിവെള്ളം, പൊതു ടോയ്ലറ്റുകൾ, മാലിന്യ സംസ്കരണ സൗകര്യങ്ങൾ, പാർക്കിംഗ് ഉൾപ്പെടെ പൊതു അടിസ്ഥാന സൗകര്യങ്ങളും ടൂറിസം അടിസ്ഥാന സൗകര്യങ്ങളും കോവളത്ത് ഇനിയും ഉയർത്തേണ്ടതുണ്ട്. കോവളം -ബേക്കൽ ജലപാത യാഥാർത്ഥ്യമാക്കിക്കൊണ്ട് അതിലേക്ക് റോഡ് കണക്ടിവിറ്റി ഏർപ്പെടുത്തുന്നതും അതുവഴി പുതിയ ഡെസ്റ്റിനേഷനുകൾ സൃഷ്ടിക്കുന്നതും ജല-കനാൽ ടൂറിസം വികസിപ്പിക്കുന്നതിനുള്ള നടപടികളും പാതിവഴിയിലാണ്. കിഫ്ബി വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള ഏകോപനവും കോവളത്ത് ഇതുവരെ നടപ്പാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കോവളം ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (കെ.ടി.ഐ.എൽ) ചുമതലപ്പെടുത്തിയിട്ടും യാതൊരു ഫലവുമില്ലെന്നും കോവളം ബീച്ചിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഉടമകൾ പറയുന്നു.