തിരുവനന്തപുരം: ഇന്നലെ സന്നിധാനത്ത് പ്രതിഷേധിച്ച സംഘത്തിലെ എട്ടുപേരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നെന്നും ഇവരെ കണ്ടെത്തിയപ്പോഴേക്കും എല്ലാം വൈകിപ്പോയെന്നും പൊലീസിന്റെ വിശദീകരണം. ചിലർ പൊലീസിന്റെ കണ്ണുവെട്ടിച്ച് കാനനപാതയിലൂടെ എത്തിയതാകാമെന്നാണ് സംശയം. പ്രശ്‌നമുണ്ടാക്കാൻ കരുതിക്കൂട്ടിയെത്തിയ ഇവരുടെ അറസ്റ്റിനെക്കുറിച്ചും സുരക്ഷാ മുന്നറിയിപ്പുകളെക്കുറിച്ചും കോടതിയെ അറിയിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യമുണ്ടായിട്ടും ജൂനിയർ ഐ.പി.എസുകാരനായ പ്രതീഷ്‌കുമാറിനെ സഹായിക്കാൻ പമ്പ മുതൽ സന്നിധാനം വരെ സുരക്ഷാചുമതലയുള്ള ഐ.ജി വിജയ്സാഖറെ എത്താതിരുന്നത് ഉദ്യോഗസ്ഥരിൽ അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്. ഐ.ജി മരക്കൂട്ടത്തുണ്ടായിരുന്നിട്ടും സന്നിധാനത്തേക്കെത്തിയിരുന്നില്ല. സുരക്ഷാതലവനായ എ.ഡി.ജി.പി അനിൽകാന്ത് ഞായറാഴ്‌ച രാത്രി ശബരിമലയിലോ പരിസരത്തോ ഉണ്ടായിരുന്നില്ലെന്നും അറിയുന്നു. സന്നിധാനത്തെ സുരക്ഷാചുമതലയിൽ നിന്ന് എസ്.പി സുദർശനെ മാറ്രിയെന്നും വിവരമുണ്ട്.
അതേസമയം ഒരു ഉദ്യോഗസ്ഥനോടും വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. മണ്ഡലമകരവിളക്കുത്സവത്തിലെ ശേഷിക്കുന്ന 59 ദിവസങ്ങളിൽ പഴുതടച്ച സുരക്ഷയൊരുക്കുന്നത് പൊലീസിന് വെല്ലുവിളിയാണ്. ഇതരസംസ്ഥാനങ്ങളിലെ എം.പിമാർക്കും എം.എൽ.എമാർക്കും ബി.ജെ.പി ദേശീയനേതാക്കൾക്കുമൊപ്പം പ്രതിഷേധക്കാരും മലകയറാനും തമ്പടിക്കാനും സാഹചര്യമുണ്ട്. ഹൈക്കോടതിയുടെ വിമർശനമുണ്ടായതിനാൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തുന്നത് പ്രായോഗികമല്ല. ഉത്തരേന്ത്യയിൽ നിന്ന് ആർ.എസ്.എസ് കേഡർമാർ ചെറുസംഘങ്ങളായെത്തുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തിൽ ക്രമീകരണങ്ങളിൽ ഇളവുനൽകാനാവില്ലെന്ന് പൊലീസ് ആസ്ഥാനം വിശദീകരിച്ചു.