തിരുവനന്തപുരം: ചെലവ് ചുരുക്കലുകളുടെ പരിമിതികൾക്കിടയിലും കൗമാര വിസ്‌മയങ്ങൾക്ക് വേദിയൊരുക്കിയ റവന്യൂ ജില്ല ശാസ്ത്രമേളയ്ക്ക് സമാപനം. തൈക്കാട് ഗവ.മോഡൽ ബോയ്‌സ് സ്‌കൂളിൽ വെള്ളിയാഴ്ചയും ഇന്നലെയുമായി നടന്ന മേളയിൽ 12 ഉപജില്ലകളിൽ നിന്നായി 3200 വിദ്യാർത്ഥികൾ പങ്കെടുത്തു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത്തവണ യു.പി വിഭാഗത്തിന് മത്സരം ഉണ്ടായിരുന്നില്ല. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായിരുന്നു മത്സരങ്ങൾ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിജയികൾക്ക് ഇത്തവണ മെമന്റോ ഉണ്ടാകില്ല. പകരം സർട്ടിഫിക്കറ്റ് ലഭിക്കും. ജില്ലാ തല മത്സരങ്ങളിൽ ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനം നേടിയവർ ഈ മാസം 24 ,25 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കും.
ഹർത്താൽ: സംഘാടകർക്ക്
നഷ്ടം 2 ലക്ഷം രൂപ
തിരുവനന്തപുരം: ഹർത്താൽ കാരണം ജില്ല ശാസ്ത്രമേള നീട്ടിവയ്ക്കേണ്ടി വന്നതിനാൽ സംഘാടകർക്ക് അധികബാദ്ധ്യതയായത് രണ്ട് ലക്ഷത്തിലധികം രൂപ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കി രണ്ട് ദിവസങ്ങളിലായി വെള്ളി, ശനി ദിവസങ്ങളിലാണ് മേള ആസൂത്രണം ചെയ്‌തിരുന്നത്. ശനിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ചതോടെ മേള മാറ്റേണ്ടിവന്നു. വളരെ വൈകിയാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നതിനാൽ ഭക്ഷണമടക്കം നേരത്തേ തയ്യാറാക്കിയിരുന്നു. ഇതാകട്ടെ പിന്നീട് ആശുപത്രികളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റും വിതരണം ചെയ്യുകയായിരുന്നു. തുടർന്ന് മേള തിങ്കളാഴ്ചയിലേക്ക് നീട്ടിവച്ചു. മത്സരാർത്ഥികളും അദ്ധ്യാപകരും വോളന്റിയർമാരും ജഡ്‌ജിമാരുമടക്കം 2000 പേരുടെ ഭക്ഷണം തിങ്കളാഴ്ചയും ഒരുക്കി. ഇതോടെ ഒരു ലക്ഷത്തോളം രൂപയാണ് അധികമായി ചെലവാക്കേണ്ടി വന്നത്. പന്തൽ, മൈക്ക്, ജനറേറ്റർ, വാടകയ്ക്കെടുത്ത മറ്റ് സാധനങ്ങൾ എന്നിവയ്ക്കടക്കം രണ്ട് ദിവസത്തെ അധികവാടകയും നൽകേണ്ടി വന്നു.