letter

റദ്ദാക്കിയത് രാഷ്ട്രീയ - ഗവൺമെന്റ് ഇടപെടൽ മൂലമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

തിരുവനന്തപുരം : ആറുമാസം മുമ്പ് പിരിച്ചുവിടപ്പെട്ട കേരള ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ കണ്ടെത്താൻ ഇന്ന് നിശ്ചയിച്ചിരുന്ന സംഘടനാതിരഞ്ഞെടുപ്പ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ റദ്ദാക്കി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷ്ൻ അറിയിച്ചു. ഇലക്‌ഷനിൽ വിജയിക്കാനായി സംസ്ഥാന സർക്കാരിന്റെയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദ്ദവും ഉണ്ടായെന്ന് കണ്ടെത്തിയതിനെതുടർന്നാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കടുത്ത നടപടിക്ക് നീങ്ങിയത്.

സർക്കാരിന് കീഴിലുള്ള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹിത്വം പി‌ടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡംഗം ട്രഷറർ സ്ഥാനാർത്ഥിയായി ഒരു പാനൽ രൂപീകരിച്ചു. മത്സരിക്കാൻ നോമിനേഷൻ നൽകുകയും ചെയ്തു. ഇൗ പാനലിന്റെ വിജയത്തിന് വേണ്ടി ഇന്റർനാഷണൽ ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമായ രീതിയിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. സംസ്ഥാനത്തെ കായിക അസോസിയേഷൻ ഭാരവാഹികളുടെ യോഗം എറണാകുളത്ത് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയിരുന്നു. ഇൗ യോഗത്തിൽ വച്ച് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസനാണ് പാനൽ പ്രഖ്യാപിച്ചത്. ഇൗ പാനലിന് വോട്ട് നൽകണമെന്ന് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. സ്പോർട്സ് കൗൺസിലിന്റെതാണ് ഒൗദ്യോഗിക പാനലെന്നും അല്ലാത്ത പാനലിനെ വോട്ട് ചെയ്താൽ സർക്കാർ ധനസഹായം ഉൾപ്പെടെ അസോസിയേഷനുകൾക്ക് ലഭിക്കില്ലെന്നും ഒളിഞ്ഞും തെളിഞ്ഞും ഭീഷണികളും ഉണ്ടായി. മന്ത്രിമാരുടെ ഒാഫീസിൽനിന്നും വോട്ട് ചെയ്യാൻ നിർദ്ദേശങ്ങളും പല അസോസിയേഷൻ ഭാരവാഹികൾക്കും ലഭിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ലഭിച്ചിരുന്നു. ഇവ പരിശോധിച്ച് ശരിയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇലകഷൻ റദ്ദാക്കിയത്.

ഉച്ചമുതൽ ഉദ്വേഗം

ഇന്ന് എറണാകുളത്താണ് ഇലക്‌ഷൻ നിശ്ചയിച്ചിരുന്നത്. ഇന്നലെ മുതൽ പല അസോസിയേഷൻ ഭാരവഹികളും വോട്ട് ചെയ്യാനായി എത്തിയിരുന്നു. ഇവർക്കായി ചില സ്ഥാനാർത്ഥികൾ സ്വകാര്യ ഹോട്ടലിൽ മുറിയും എടുത്തുനൽകിയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇലക്‌ഷൻ റദ്ദ് ചെയ്തതായി ഐ.ഒ.എ ഉത്തരവ് തിരഞ്ഞെടുപ്പ് വരണാധികാരി റിട്ട. ജസ്റ്റിസ് സുന്ദരം ഗോവിന്ദിനും സംസ്ഥാനത്തെ വോട്ടിംഗ് അവകാശമുള്ള കായിക അസോസിയേഷൻ ഭാരവാഹികൾക്കും ലഭിച്ചത്. എന്നാൽ ഇലക്‌ഷനുമായി ബന്ധപ്പെട്ട് ഒരു കായിക അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയിരുന്ന കേസിൽ ഇലക്‌ഷൻ നൽകണമെന്ന് നിർദ്ദേശിച്ചിരുന്നതിനാൽ ഇഇലക്‌ഷനുമായി മുന്നോട്ടുപോകാൻ വരണാധികാരി തീരുമാനിച്ചു. ഇതിനകം ഇരു പാനലിലും മുള്ള സ്ഥാനാർത്ഥികളും വരണാധികാരിയെ സമീപിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനമാണ് നടപ്പാക്കേണ്ടെന്ന് വരണാധികാരിയെ നിശ്ചയിച്ച അഡ് ഹോക്ക് കമ്മിറ്റി പ്രസിഡന്റ് മറിയാമ്മ കോശി അറിയിച്ചതോടെ രാത്രി എട്ട് മണിയോടെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ അവസാന തീരുമാനം വരണാധികാരിയും സ്വീകരിച്ചു.

ഒളിമ്പിക് അസോസിയേഷനിൽ

സർക്കാർ ഇടപെട്ടാൽ

1. ഒളിമ്പിക് കായികസംഘടനകളിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായാൽ കായിക രംഗത്തുനിന്നു രാജ്യത്തെതന്നെ വിലക്കാൻ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് അധികാരം ഉണ്ട്.

2. കായികരംഗത്ത് ഗവ. ഇടപെലുകൾ പാടില്ലെന്നാണ് ഒളിമ്പിക് ചാർട്ടർ നിഷ്കർഷിക്കുന്നത്.

3. ഇത് ലംഘിച്ചതിന്റെ പേരിൽ ഇന്ത്യ അടക്കം പല രാജ്യങ്ങൾക്കും ഒളിമ്പിക് കൗൺസിലിന്റെ വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.

4., ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതിന്റെ പേരിലാണ് 2012 ൽ ഇന്ത്യയ്ക്ക് വിലക്ക് ലഭിച്ചത്.

5. കീഴ് ഘടകങ്ങളിലെ ചാർട്ടർ ലംഘനം രാജ്യത്തിന്റെ അംഗീകാരം നഷ്ടപ്പെടാൻ ഇടയാക്കും. കേരളത്തിൽ അസോസിയേഷൻഭരിക്കാനായി നടത്തുന്ന രാഷ്ട്രീയ കളികൾ മൂലം ഒളിമ്പിക് പോലുള്ള കായിക മേളകളിൽ ഇന്ത്യൻ താരങ്ങൾക്ക് പങ്കെടുക്കാൻ ആകാത്ത സ്ഥിതി വരുമെന്ന് സാരം.

കൗൺസിലിന്റെ കാറിന്

കൊച്ചിയിലെന്ത് കാര്യം ?

ഒളിമ്പിക് അസോസിയേഷൻ ഇലക്‌ഷനിൽ മത്സരിക്കുന്ന സംസ്ഥാന സ്പോടർട്സ് കൗൺസിൽ ഭാരവാഹി ഇന്നലെ കൊച്ചിയിലെത്തിയത് കൗൺസിലിന്റെ സർക്കാർ വക കാറിൽ. സർക്കാർ സംവിധാനങ്ങൾ ഇലക്‌ഷനിൽ ഉപയോഗപ്പെടുത്തരുതെന്ന് ഒളിമ്പിക് ചാർട്ടർ നിലവിൽ ഉള്ളപ്പോഴാണ് ഇൗ നടപടി. ഇതിനെതിരെയും ഐ.ഒ.എക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു.