sabarimala-temple

ശബരിമല: ശരംകുത്തി മുതൽ പതിനെട്ടാംപടി വരെ തിങ്ങിഞെരുങ്ങി തീർത്ഥാടകർ നിറഞ്ഞുനിന്ന ശബരിമല ഇന്ന് ശൂന്യം. പൊലീസിന്റെ കർശന നിലപാടുകൾ കാരണം തിരക്കൊഴിഞ്ഞ ഇടമായി ശബരിമല മാറി. ശരണാരവമില്ല, തിക്കും തിരക്കുമില്ല. തീർത്ഥാടന ചരിത്രത്തിൽ ഇത്രയും ശുഷ്കമായ ദിവസങ്ങൾ നാളിതുവരെ ഉണ്ടായിട്ടില്ല. പുലർച്ചെ നട തുറക്കുമ്പോൾ പതിനെട്ടാം പടി കയറിയെത്തുന്നത് വളരെ കുറച്ചുപേർ മാത്രം.

പൊലീസിന്റെ നിയന്ത്രണങ്ങൾ വഴി ശ്രീകോവിലിന് മുന്നിൽ കഴുത്തിന് പിടിച്ചുള്ള തള്ള് ഏൽക്കാതെ മനം നിറഞ്ഞ് അയ്യപ്പസ്വാമിയെ തൊഴാമെന്നതാണ് മെച്ചം. ഒപ്പം ദർശനത്തിന് മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടിയും വരുന്നില്ല. തിരക്ക് കുറഞ്ഞത് ദേവസ്വം ബോർഡിന്റെ സാമ്പത്തിക അടിത്തറ തകർത്തു. ചെറു വാഹനങ്ങൾക്ക് പമ്പയിൽ പ്രവേശനം നിഷേധിച്ച് നിലയ്ക്കൽ ബേസ് ക്യാമ്പാക്കിയതും പമ്പയിലേക്കുള്ള യാത്രയ്ക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് സന്നിധാനത്തേക്കുള്ള തീർത്ഥാടന പ്രവാഹത്തിൽ അൻപത് ശതമാനത്തിലധികം കുറവ് വരുത്തിയത്. രാത്രി എട്ടിന് ശേഷം പമ്പയിലേക്ക് ബസുകൾ അയയ്ക്കാതെ തീർത്ഥാടകരെ നിലയ്ക്കലിൽ തളച്ചിടുകയാണ്.

12.30 ഓടെയാണ് സർവീസ് പുനരാരംഭിക്കുക. ബസുകൾ പമ്പയിലെത്തുമ്പോഴേക്കും മുക്കാൽ മണിക്കൂർ കഴിയും. പമ്പാ സ്നാനവും കഴിഞ്ഞ് തിടുക്കത്തിൽ മല കയറുന്ന തീർത്ഥാകർ സന്നിധാനത്ത് എത്തുമ്പോഴേക്കും നിർമ്മാല്യദർശനത്തിന് നട തുറന്നിരിക്കും. ഒന്ന് വിശ്രമിക്കാമെന്ന് കണ്ടാൽ പൊലീസ് പലയിടവും കൊട്ടിയടച്ചിരിക്കുകയാണ്. വെളിമ്പ്രദേശങ്ങളിൽ വിശ്രമിച്ച് പിന്നീട് ബസിൽ പമ്പയിലേക്കുള്ള യാത്രയായി. എപ്പോൾ നിയന്ത്രണം വരുമെന്നതിൽ തീർത്ഥാടകർക്കും ആശങ്കയാണ്. പൊലീസിന്റെ അനാവശ്യ നിയന്ത്രണം തീർത്ഥാടകരെ മലകയറ്റത്തിൽ നിന്ന് അകറ്റുന്നുവെന്ന ആശങ്ക ശക്തമാണ്. ഇതേ അവസ്ഥ വരും ദിവസങ്ങളിലും തുടർന്നാൽ തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും ആളുകുറഞ്ഞതും വരുമാനം കുറഞ്ഞതുമായ തീർത്ഥാടനമായി മാറും.

കെ.എസ്.ആർ.ടി.സിയേയും ബാധിച്ചു

നിയന്ത്രണങ്ങൾ കെ.എസ്.ആർ.ടി.സിയെയും ബാധിച്ച് തുടങ്ങി. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും നിശ്ചിത സമയത്തിനുള്ളിൽ സന്നിധാനത്ത് പോയി മടങ്ങാൻ കഴിയുന്നില്ല. ഇതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നിറുത്തിവയ്ക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി സംസ്ഥാന ഡി.ജി.പിയെ കണ്ട് അറിയിച്ചിട്ടുണ്ട്. ഓരോ രണ്ട് മിനിറ്റ് ഇടവിട്ട് പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ് നടത്തുന്നതിനായി വിവിധ ഡിപ്പോകളിൽ നിന്ന് 310 ബസുകളാണ് എത്തിച്ചത്. ഇത് പൂർണമായി ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണ്. തിരക്ക് കുറഞ്ഞതോടെ 50 സർവീസുകൾ നിറുത്തിയതും ഇക്കാരണത്താലാണ്.