കൊച്ചി: ശബരിമല ദർശനത്തിന് വ്രതമെടുത്ത് എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്താനെത്തിയ യുവതികളെ തടയുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന അമ്പതോളംപേർക്കെതിരെ കേസെടുത്തു. ശബരിമല കർമ്മ സമിതി പ്രവർത്തകർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുമെന്നും പൊലീസ് അറിയിച്ചു.

കനത്ത പ്രതിഷേധങ്ങളെ തുടർന്ന് ശബരിമല ദർശനത്തിൽ നിന്ന് നേരത്തെ പിൻമാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്ത്, കണ്ണൂർ സ്വദേശിനി ഷനിജ സതീഷ്, കൊല്ലം സ്വദേശിനി ധന്യ വി.എസ് എന്നിവരാണ് ഇന്നലെ കൊച്ചിയിൽ വാർത്താ സമ്മേളനത്തിന് എത്തിയത്. എറണാകുളം പ്രസ് ക്ലബിൽ ഇവർ എത്തിയെന്നറിഞ്ഞ് നാമജപവുമായി പ്രതിഷേധക്കാരും എത്തുകയായിരുന്നു. അര മണിക്കൂറോളം ഇവർ പ്രസ് ക്ലബ് റോഡിൽ നാമജപവുമായി പ്രതിഷേധം നടത്തിയിരുന്നു. വാർത്താസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ യുവതികളെ പൊലീസ് സംരക്ഷണയിലാണ് പുറത്തെത്തിച്ചത്.