കോഴിക്കോട്: ശബരിമല വിഷയത്തിൽ നടത്തുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം സർക്കാരും ഇടതുമുന്നണിയും ശക്തമാക്കിയതോടെ സമരപാതയിൽ രണ്ടു വഴിയിലേക്ക് നീങ്ങാൻ ബി.ജെ.പി യും സംഘപരിവാറും തീരുമാനിച്ചതായി വിവരം. ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണം കേൾക്കാതിരിക്കാനാണിത്. എന്നാൽ, നിലവിലെ പ്രതിഷേധങ്ങൾക്ക് ഒരു കുറവും വരുത്തുകയുമില്ല. യുവതീ പ്രവേശനത്തിലെ പ്രതിഷേധം കേരളത്തിലെ മൊത്തം ഹിന്ദുക്കളുടെ ജനകീയ സമരമാക്കാനാണ് ശബരിമല കർമ്മ സമിതി തയ്യാറെടുക്കുന്നത് . സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകൾ ഉൾപ്പെടെ പങ്കെടുപ്പിച്ച് നാമജപ പരിപാടികൾ നടത്താനാണ് കർമ്മ സമിതിയുടെ തീരുമാനം.
ശബരിമല കർമ്മ സമിതി
ശബരിമല സന്നിധാനത്തിൽവരെ പൊലീസ് അതിക്രമം നടത്തിയതും ഭക്തജനങ്ങളെ ശരണംവിളിക്കുന്നതിൽ നിന്ന് തടഞ്ഞതും അറസ്റ്റ് ചെയ്തതും കണക്കിലെടുത്ത് ശക്തമായ പ്രതിഷേധത്തിന് ശബരിമല കർമ്മ സമിതി ഒരുങ്ങുന്നുവെന്ന് അറിയുന്നു. വിവിധ ജാതി -സാമൂഹ്യ സംഘടനകളുടെ പ്രവർത്തകരെ കൂടുതലായി സമരത്തിൽ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.
യുവതികളെ ശബരിമലയിൽ എത്തിക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുന്നു എന്ന വിലയിരുത്തലാണ് സമിതിക്ക് ഉള്ളതത്രേ. ഇതിനെ എന്തുവിലകൊടുത്തും ചെറുക്കാനാണ് നീക്കം. അതോടൊപ്പം ഭക്തന്മാരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിൽ ശബരിമലയിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങളിൽ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യും. ശബരിമലയിൽ അയ്യപ്പന്മാർക്ക് വിരിവയ്ക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യങ്ങൾ ബോധപൂർവം ഇല്ലാതാക്കുകയായിരുന്നുവെന്നാണ് സമിതിയുടെ ആരോപണം. യാത്രാപ്രശ്നം ഉൾപ്പെടെ അയ്യപ്പന്മാർ നേരിടുന്ന മുഴുവൻ അസൗകര്യങ്ങളും വീടുവീടാന്തരം കയറി ബോദ്ധ്യപ്പെടുത്തും.
ഒപ്പുശേഖരണം നടത്തും
ശബരിമല യുവതീ പ്രവേശനത്തിനെതിരെ കേരളത്തിലെ മുഴുവൻ ഹിന്ദുക്കളുടെയും ഒപ്പുകൾ ശേഖരിക്കാനാണ് ശബരിമല കർമ്മ സമിതിയുടെ നീക്കം. ഇതിനായി ഗൃഹസമ്പർക്കം നടത്തും.
ഗുരുസ്വാമിമാരെ സംഘടിപ്പിക്കും
ഗുരുസ്വാമിമാരെ ഏകോപിപ്പിക്കാനും ഇവരെ മുന്നിൽ നിറുത്തി ആചാരലംഘനത്തിനെതിരായ പ്രചാരണം നടത്താനും ശബരിമല കർമ്മ സമിതി മുൻകൈയെടുക്കും. പ്രാദേശിക തലത്തിൽ ഗുരുസ്വാമിമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.