കോട്ടയം: അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്ന് അര ലക്ഷം രൂപ കവർന്ന അഞ്ചംഗ സംഘത്തിനായി തെരച്ചിൽ. ബംഗാൾ സ്വദേശി ഒബൈദുള്ളയുടെ പണമാണ് നഷ്ടപ്പെട്ടത്. മുഖം മറച്ച് എത്തിയ അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് തൃക്കൊടിത്താനം പൊലീസിൽ ഒബൈദുള്ള നൽകിയ പരാതിയിൽ പറയുന്നു. എസ്.ഐ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
കെട്ടിട നിർമ്മാണ മേഖലയിൽ ജോലിചെയ്യുന്നവരാണ് ക്യാമ്പിലുള്ളത്. വീട്ടിലേക്ക് അയയ്ക്കാനായി കരുതിയിരുന്ന പണമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. തൃക്കൊടിത്താനം പ്രദേശത്ത് താമസിക്കുന്നവരാണ് മോഷ്ടാക്കളെന്ന് അറിവായിട്ടുണ്ട്. ചില സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളുടെ പണവും മറ്റും അപഹരിച്ചാൽ സാധാരണ അവർ കേസുകൊടുക്കാൻ നല്കാറില്ല. ഇത് നാട്ടുകാർക്ക് വളമായി മാറിയിരിക്കയാണെന്ന് ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളുടെ പണം അപഹരിക്കുന്നതും അവരെ ഉപദ്രവിക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കയാണ്. ഇവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.