കഴക്കൂട്ടം: ദേശീയപാതയിൽ കഴക്കൂട്ടത്തിനടുത്ത് കാറിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക് . കൊല്ലം ചിന്നക്കട സ്വദേശി ജൂഡെന്നയാൾക്കാണ് (50) പരിക്കേറ്റത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ജൂഡ് എയർ പോർട്ടിൽ വന്ന് മടങ്ങിയ കാറിന് കുറുകെ ചാടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ കാർ ഡ്രൈവർ സഖറിയയാണ് ആംബുലൻസ് സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഫോണിലെ ചില നമ്പരുകളിൽ പൊലീസ് ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. കഴക്കൂട്ടം പൊലീസ് കേസെടുത്തു. ജൂഡ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.