തലശ്ശേരി: കഴിഞ്ഞദിവസങ്ങളിൽ സി.പി.എം-ബി.ജെ.പി സംഘർഷം നടന്ന കൊളവല്ലൂരിൽ പൊലീസ് സുരക്ഷ തുടരുന്നു. സി.പി.എം- ബി.ജെ.പി പ്രവർത്തകർക്ക് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് വധശ്രമ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി എസ്.ഐ ബി. രാജഗോപാൽ അറിയിച്ചു. ചിലരെ പൊലീസ് ചോദ്യംചെയ്തിട്ടുണ്ട്.
സി.പി.എം പ്രവർത്തകൻ കുട്ടക്കെട്ടിൽ ബിനീഷ്, ബി.ജെ.പി പ്രവർത്തകരായ ചേലക്കാട്ട് നിഖിൽ, നെല്ലിയുള്ള പറമ്പത്ത് അജീഷ് എന്നിവർക്കാണ് അക്രമങ്ങളിൽ പരിക്കേറ്റത്. ബിനീഷിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ബിനീഷിനെ ആക്രമിച്ചതിന് ആറ് ബി.ജെ.പി പ്രവർത്തകരുടെ പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അജീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ആക്രമിച്ചതിന് 10 സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
നിഖിലിന് നേരെ നടന്ന ആക്രമണ സംഭവത്തിൽ ആറ് സി.പി.എം പ്രവർത്തകർക്ക് നേരെയാണ് കേസ്. സംഭവങ്ങളെ തുടർന്ന് വടക്കെ പൊയിലൂർ, തൂവക്കുന്ന് അയ്യപ്പമഠം, സെൻട്രൽ പൊയിലൂർ, പാറയുള്ളപറമ്പ്, ചമതക്കാട്, വിളക്കോട്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
തലശേരി എരഞ്ഞോളിപ്പാലത്തിന് സമീപം വീട്ടമ്മയുടെ ദേഹത്ത് ചുവന്ന ചായമൊഴിച്ച സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകരെ തലശേരി പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ബി.ജെ.പി പ്രവർത്തകൻ ശരത്തിന്റെ അമ്മ രജിതയുടെ ദേഹത്ത് ചായമൊഴിച്ചെന്നാണ് പരാതി. ഒമ്പത് സി.പി.എം പ്രവർത്തകരുടെ പേരിലാണ് പൊലീസ് കേസെടുത്തത്. പന്ന്യന്നൂരിലെ മഹേഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയ ഓട്ടോറിക്ഷ ആക്രമിച്ചു നശിപ്പിച്ച സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. എലാങ്കോട് കനകൻ സ്മാരക മന്ദിരത്തിന് സമീപം കെ. ശ്രീമിൻ എന്നയാളുടെ ഓട്ടോറിക്ഷയും കഴിഞ്ഞദിവസം കേടുവരുത്തിയതായി പരാതിയുണ്ട്.