തിരുവനന്തപുരം : സ്കൂൾ മേലധികാരികൾക്കിടയിൽ അധികാരത്തർക്കവും പരീക്ഷകളുടെ നടത്തിപ്പിൽ പൊരുത്തക്കേടുമായി പലതട്ടുകളിൽ പ്രവർത്തിക്കുന്ന സ്കൂൾ,ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളെ സംയോജിപ്പിക്കാനുള്ള റിപ്പോർട്ട് ഉടൻ സർക്കാരിന് മുന്നിലെത്തും. ഇവ ഒരു കുടക്കീഴിലാക്കിയാൽ മൂന്നിനും ഒരു ഡയറക്ടർ മതിയാകും. ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് പ്രൈമറി ക്ളാസുകൾ വേർപിരിക്കും.സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ പ്രിൻസിപ്പൽമാരാവും.
ശുപാർശ നടപ്പായാൽ എസ്. എസ്. എൽ. സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഒരേ സമയം ഒരേ ദിവസമായിരിക്കും നടത്തുന്നത്.
ഇവയുടെ ലയനം സാധ്യമാക്കാനുള്ള ശുപാർശകൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച ഡോ.എം.എ.ഖാദർ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന് അന്തിമരൂപമായി. ഈമാസം 27ന് നിയമസഭാ സമ്മേളനം തുടങ്ങുംമുമ്പ് റിപ്പോർട്ട് സമർപ്പിച്ചേക്കും.
ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ രൂപീകരിച്ച് ഒരു ഡയറക്ടർക്ക് കീഴിൽ ഇവയെ കൊണ്ടുവരണമെന്നതാണ് പ്രധാന നിർദേശം. വൊക്കേഷണൽ ഹയർസെക്കൻഡറിയും ഹയർ സെക്കൻഡറിയും ലയിപ്പിക്കണം. അദ്ധ്യാപകരെ സംബന്ധിച്ച് അധികാരത്തർക്കം ഇല്ലാതാക്കാനും വിദ്യാർത്ഥികളെ സംബന്ധിച്ച് ലാബ്,ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ തുല്യമായി പ്രയോജനപ്പെടുത്താനും ലയനംവഴി കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബന്ധപ്പെട്ട മേഖലകളിലുള്ളവരുമായി ചർച്ച നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കമ്മിറ്റി അംഗവും വിദ്യാഭ്യാസവിദഗ്ധനുമായ സി.രാമകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. നിയമവിദഗ്ധനായ ജ്യോതിചൂഡനാണ് സമിതിയിലെ മറ്റൊരംഗം.
മറ്റു പ്രധാന ശുപാർശകൾ
സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാർക്ക് പകരം പ്രിൻസിപ്പൽമാർ.
ഡി.ഇ.ഒ,എ.ഇ.ഒ ഓഫീസുകൾക്ക് സ്ഥാനമില്ല
സബ്‌ജില്ലാ ഓഫീസർക്ക് പകരം ബ്ലോക്ക് ഓഫീസർ,
പഞ്ചായത്ത് തലത്തിലും ഓഫീസർ
ജില്ലാതലത്തിൽ ഒരു ഡെപ്യൂട്ടി ഡയറക്ടറും മൂന്ന് അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർമാരും
സ്കൂൾ,ഹയർസെക്കൻഡറി, സ്പെഷ്യൽ,പരീക്ഷ ചുമതലയുമായി അഡിഷണൽ ഡയറക്ടർമാർ.
ഓരോന്നിനും രണ്ട് ജോയിന്റ് ഡയറക്ടർമാർ.
എല്ലാ പരീക്ഷയും ഒന്നിച്ച്
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഏകീകരിച്ച് രാവിലെ നടത്താൻ ശുപാർശ.
പരീക്ഷണാടിസ്ഥാനത്തിൽ പാദവാർഷികപരീക്ഷ
വിജയിച്ചാൽ വാർഷിക പരീക്ഷയ്ക്കും പുതിയ രീതി.
"ചർച്ചകൾപൂർത്തിയായി,ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ."
-ഡോ.എം.എ.ഖാദർ
കമ്മിറ്റി ചെയർമാൻ
. ഹയർസെക്കൻഡറിയെ പ്രത്യേകമായി നിലനിറുത്തണമെന്നതാണ് യു.ഡി.എഫിന്റെ നിലപാട്."
-കെ.മുരളീധരൻ
എം.എൽ.എ