vizhinjam

തിരുവനന്തപുരം: മോശം കാലാവസ്ഥയും കല്ല് ക്ഷാമവും സമരങ്ങളും കാരണം മാസങ്ങളോളം മുടങ്ങിയ വിഴിഞ്ഞം തുറമുഖനിർമ്മാണം വീണ്ടും സജീവമാകുന്നു. രണ്ടാംഘട്ടത്തിലെ കടൽകുഴിക്കലും പൈലിംഗും മറ്റ് ജോലികളും ഈയാഴ്ച തുടങ്ങും. കല്ലുകൾ കൂടുതലായി എത്തിക്കാൻ സർക്കാർ ക്വാറികളുമായി അദാനി ഗ്രൂപ്പ് ധാരണയായതോടെ പുലിമുട്ട് നിർമ്മാണവും പുലിമുട്ട് സംരക്ഷിക്കാനുള്ള അക്രോപോഡുകളുടെ നിക്ഷേപിക്കലും ഉടൻ തുടങ്ങും.

ശാന്തിസാഗർ സിരീസിലെ ശേഷിയേറിയ രണ്ട് ഡ്രഡ്‌ജറുകളായിരിക്കും കടലിന്റെ ആഴംകൂട്ടുന്നത്. ഗുജറാത്തിലെ മുംദ്ര‌യിൽ നിന്ന് കൊല്ലം തുറമുഖത്ത് കപ്പലിൽ എത്തിച്ച ശാന്തിസാഗർ -11 എന്ന ഡ്രഡ്‌ജർ, ഫ്‌ളോട്ടിംഗ് പൈപ്പുകൾ, ഷോർലൈൻ പൈപ്പുകൾ, 700 ടൺ ഭാരമുള്ള രണ്ട് ക്രെയിൻ, 350 ടണ്ണിന്റെ മറ്റൊരു ക്രെയിൻ, കണ്ടെയ്‌നറുകൾ എന്നിവ കടൽ, റോഡ് മാർഗങ്ങളിലായി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്ത് എത്തും.

ഡ്രഡ്ജിംഗിന്റെ അപകടസാദ്ധ്യത കണക്കിലെടുത്ത് കടലിൽ ഇറങ്ങാൻ മത്സ്യത്തൊഴിലാളികൾക്ക് വിലക്കുണ്ട്.

2015 ഡിസംബറിൽ തുടങ്ങിയ തുറമുഖത്തിന്റെ ആദ്യഘട്ടം അടുത്തവർഷം ഡിസംബറിലാണ് പൂർത്തിയാകേണ്ടത്.

കരിങ്കല്ല് ക്ഷാമം തീരുന്നു


പുലിമുട്ട് നിർമ്മാണത്തിന് കല്ലെത്തിക്കാൻ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സർക്കാർ ക്വാറികൾക്കുള്ള എൻ.ഒ.സി ലഭിച്ചതായി അദാനി പറഞ്ഞു. നിലവിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, ബാലരാമപുരം ക്വാറികളിൽ നിന്നാണ് കല്ലുകൾ എത്തുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികളിൽ നിന്നും തിരുവനന്തപുരം കിളിമാനൂർ പ്രദേശത്തു നിന്നും റോഡുമാർഗം പെരുമാതുറ മുതലപ്പൊഴിയിൽ എത്തിച്ച് ബാർജിലായിരിക്കും പദ്ധതിപ്രദേശത്ത് കല്ല് എത്തിക്കുക. ഇതിനായി മുതലപ്പൊഴിയിലെ പുതിയ ബെർത്തിന്റെ നിർമ്മാണം പൂർത്തിയായി വരികയാണ്. 650 മീറ്റർ നീളത്തിലാണ് പുലിമുട്ടിന് കല്ലിട്ടിട്ടുള്ളത്. 3.1 കിലോമീറ്ററാണ് ആകെ നീളം.

പൈലിംഗും മറ്റു ജോലികളും


ബെർത്ത് നിർമ്മാണത്തിന്റെ പൈലിംഗ് ജനുവരിയോടെ പൂർത്തിയാകും. 615 പൈലുകളിൽ 520 എണ്ണം പൂർത്തിയായി. ഇതിനൊപ്പം ബെർത്ത് സംരക്ഷണത്തിനായി സ്ലോപ് പ്രൊട്ടക്‌ഷൻ രീതിയിൽ കരിങ്കല്ലുകൾ അടുക്കും. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കായി കോട്ടപ്പുറം കരിമ്പള്ളിക്കരയിൽ ആധുനിക മത്സ്യബന്ധന തുറമുഖത്തിന്റെ ജോലികളും ഉടൻ തുടങ്ങും. കണ്ടെയ്‌നർ, കാർഗോ യാർഡ്, വൈദ്യുത സബ് സ്‌റ്റേഷൻ നിർമ്മാണം, ബാലരാമപുരം - വിഴിഞ്ഞം തുറമുഖ ഭൂഗർഭ റെയിൽപാത രൂപരേഖ തയ്യാറാക്കൽ എന്നിവയും പുരോഗമിക്കുന്നു.

''കല്ല് ക്ഷാമമായിരുന്നു വലിയ പ്രശ്നം. ഇത് പരിഹരിക്കപ്പെടുന്നതോടെ പകുതി ആശങ്ക നീങ്ങും. ഒന്നാംഘട്ടത്തിൽ തീർക്കേണ്ട മറ്റു ജോലികൾ 75 ശതമാനം പൂർത്തിയായിട്ടുണ്ട്.''

-അദാനി ഗ്രൂപ്പ്