മൻ കീ ബാത്തിന് 50
തിരുവനന്തപുരം: "എന്റെ മനസിലെ ചില ആശയങ്ങൾ ആകാശവാണിയിലൂടെ നിങ്ങളോട് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. മാസത്തിൽ രണ്ടു പ്രാവശ്യം, അല്ലെങ്കിൽ ഒരു ദിവസമെങ്കിലും സമയം കണ്ടെത്തി ഞാനെത്തും "- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനോവിചാരവും ഉണ്ണിക്കൃഷ്ണൻ പറക്കോടിന്റെ മലയാളവും സമ്മേളിക്കുന്ന '' മൻ കീ ബാത്ത് '' ഇന്ന് അമ്പത് എപ്പിസോഡ് പൂർത്തിയാക്കും.
രാജ്യത്തെ 420 ആകാശവാണി നിലയങ്ങളിലൂടെ എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11ന് മോദി മനോവിചാരങ്ങളുമായി ശ്രോതാക്കളുടെ മുന്നിലെത്തും. ഹിന്ദിയിലാണ് സംസാരം. ഇതിന്റെ ഗൗരവം ഒട്ടും ചോർന്നുപോകാതെ, മലയാളത്തിൽ നമുക്ക് പറഞ്ഞുതരുന്നത് ആകാശവാണി തിരുവനന്തപുരം അസിസ്റ്റന്റ് സ്റ്രേഷൻ ഡയറക്ടർ ഉണ്ണിക്കൃഷ്ണൻ പറക്കോടാണ്.
2014 ഒക്ടോബർ 3ന് വിജയദശമി ദിനത്തിൽ പ്രക്ഷേപണം ആരംഭിച്ച മൻ കീ ബാത്ത് ഒട്ടേറെ കാര്യങ്ങൾ ഇതിനകം ചർച്ച ചെയ്തു. ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ജനങ്ങൾക്ക് വെബ്‌സൈറ്റുകളിലൂടെ നിർദ്ദേശിക്കാൻ അവസരമുള്ളതാണ് പ്രധാന സവിശേഷത.
വാക്കുകളുടെ പ്രവാഹം
വിഷയം ഏതായാലും സ്ക്രിപ്ട് നോക്കി വായിക്കുന്ന ശീലമില്ല മോദിക്ക്. ചില പോയിന്റുകൾ കുറിച്ചുവച്ചിരിക്കുമെന്നു മാത്രം. തെറ്റോ ആവർത്തനമോ സംസാരത്തിൽ വരാറില്ല. ലോകമാന്യതിലക് മാർഗിലെ പ്രധാനമന്ത്രിയുടെ 7-ാം നമ്പർ വസതിയിൽ തയ്യാറാക്കിയ സൗണ്ട് പ്രൂഫ് മൾട്ടീ മീഡിയ റൂമിലാണ് റെക്കാഡിംഗ്. ഡൽഹി ആകാശവാണിയിലെ അഞ്ചംഗ ടീം തയ്യാറാക്കുന്ന ഹിന്ദി സ്ക്രിപ്ട് മറ്ര് നിലയങ്ങളിലേക്ക് അയച്ചുകൊടുക്കും. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത് കോർപറേഷൻ ബാങ്ക് മുൻ ചീഫ് മാനേജരും പ്രൊഫഷണൽ ട്രാൻസ്‌ലേറ്ററുമായ ഡോ. കെ.സി. അജയകുമാറാണ്.
' അതീവ ശ്രദ്ധവേണ്ട കാര്യമാണിത്. മോദി പറയുന്നത് ഒരു പ്രഭാഷണ ശൈലിയിൽ അല്ല. ചില ഹിന്ദി മോഡുലേഷൻ മലയാളത്തിന് വഴങ്ങാറുമില്ല. ഒറ്റയിരിപ്പിൽ വായിച്ച് റെക്കാഡ് ചെയ്യുമ്പോൾ ശബ്ദ ഭാവത്തിലെങ്കിലും മോദിയാകാൻ ശ്രമിക്കുന്നുണ്ട്".
- ഉണ്ണിക്കൃഷ്ണൻ പറക്കോട്