kalolsavam

കിളിമാനൂർ: കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നാളെയും മറ്റന്നാളുമായി കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മാത്രമാണ് ഇത്തവണ മത്സരം നടക്കുന്നത്. ഉപജില്ലയിലെ 16 സ്കൂളുകളിൽ നിന്നായി 1300ലധികം കുട്ടികൾ പങ്കെടുക്കും. അഞ്ചു വേദികളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. കൊടുവഴന്നൂർ വില്ലേജ് ഓഫീസിനു സമീപമാണ് പ്രധാന വേദി സജ്ജീകരിച്ചിരിക്കുന്നത്. പ്രധാന വേദിയിലും പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലും സ്കൂളിലെ മറ്റ് മൂന്നു വേദികളിലുമായി 215 ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. നാളെ രാവിലെ രാവിലെ 9 ന് കൊടുവഴന്നൂർ സ്കൂളിലെ 30 വിദ്യാർത്ഥിനികൾ ചേർന്നവതരിപ്പിക്കുന്ന മെഗാ തിരുവാതിരയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ബി സത്യൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ബി.പി. മുരളി, ഡി.സ്മിത, പുളിമാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ ബി. വിഷ്ണു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, നാവായിക്കുളം, പള്ളിക്കൽ, മടവൂർ, കരവാരം, കിളിമാനൂർ, നഗരൂർ, പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാർ, ജന. കൺവീനർ കെ. സുരേഷ്‌കുമാർ, എ.ഇ.ഒ. രാജു, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലളിതമായ ഉദ്ഘാടനച്ചടങ്ങ് നടത്തും. കൊടുവഴന്നൂരിന്റെ സാമൂഹിക സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിൽ ഗ്രാമീണ ഉത്സവമായി കലാമേള സംഘടിപ്പിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ് നാട്ടുകാരും സംഘാടകരും.