പൊലീസ് നിയന്ത്രണം കെ.എസ്.ആർ.ടി.സിക്കും വിനയായി
തിരുവനന്തപുരം: നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് സർവീസ് നടത്താനുള്ള അവകാശം ലഭിച്ചതോടെ പണം വാരി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നു തത്കാലം രക്ഷപ്പെടാമെന്നു കരുതിയാണ് 350 ബസുകളുമായി കെ.എസ്.ആർ.ടി.സി നിലയ്ക്കലിലേക്കു വച്ചുപിടിച്ചത്. അതിനു പുറമെ മറ്റെല്ലാ പ്രധാന ഡിപ്പോകളിൽ നിന്നും പമ്പയിലേക്ക് പതിവുപോലെ സ്പെഷ്യൽ സർവീസു നടത്തി. പക്ഷേ, ശബരിമല വിവാദവും പൊലീസ് നിയന്ത്രണവും സംഘർഷാവസ്ഥയും കാര്യങ്ങൾ വഷളാക്കി. കളക്‌ഷൻ കൂടിയില്ല എന്നു മാത്രമല്ല ഉള്ള കളക്‌ഷൻ കുത്തനെ ഇടിയുകയും ചെയ്തു. ഇപ്പോൾ സ്പെഷ്യൽ സർവീസിനായി നിയോഗിച്ച 50 ബസുകളെ കെ.എസ്.ആർ.ടി.സി പിൻവലിച്ചിരിക്കുകയാണ്.
പ്രതിദിന കളക്‌ഷൻ എട്ടു കോടി രൂപയിൽ എത്തിക്കുക ലക്ഷ്യമിട്ട് 30 ശതമാനം നിരക്ക് വർദ്ധിപ്പിച്ചാണ് കെ.എസ്.ആർ.ടി.സി ശബരിമല സ്പെഷ്യൽ സർവീസുകൾ തുടങ്ങിയത്. എന്നാൽ കിട്ടിയത് ശരാശരി അഞ്ച് കോടി രൂപ.
പ്രളയാനന്തരം നടത്തിയ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് തുലാം മാസ പൂജ മുതൽ നിലയ്ക്കൽ- പമ്പ സർവീസ് കെ.എസ്.ആർ.ടി.സിക്കു മാത്രമായി നിജപ്പെടുത്തിയത്. സ്വകാര്യവാഹനങ്ങളെല്ലാം നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം അവിടെ നിന്നു കെ.എസ്.ആർ.ടി.സി ബസിൽ കയറി യാത്ര ചെയ്യണം. മാസപൂജാ ദിവസങ്ങളിൽ ഉണ്ടായ നേട്ടം സീസണാകുമ്പോൾ ഏറെ വർദ്ധിക്കും എന്ന വിചാരത്തിലാണ് വിപുലമായ സൗകര്യങ്ങളൊരുക്കി പുത്തൻ ഇലക്ട്രിക് ബസുകളുൾപ്പെടെ നിലയ്ക്കലിൽ എത്തിച്ചത്. എന്നാൽ സന്നിധാനത്തേക്കു പോകുന്നതിന് പൊലീസ് ഏർപ്പെടുത്തിയ കഠിന നിയന്ത്രണങ്ങൾ കാരണം തീർത്ഥാടകരുടെ വരവിൽ വൻകുറവുണ്ടായി.
മറ്റ് ഡിപ്പോകളിൽ സർവീസ് നടത്തിയിരുന്ന ബസുകൾ ഉൾപ്പെടെയാണ് സ്പെഷ്യൽ സർവീസിന് ഉപയോഗിച്ചത്. ഇതു കാരണം അവിടങ്ങളിലെ പ്രതിദിന വരുമാനം കുറഞ്ഞുവെന്നു മാത്രമല്ല യാത്രാക്ലേശം കൂടുകയും ചെയ്തു.
പ്രതിദിന കളക്‌ഷൻ-കെ.യു.ആർ.ടി.സി ഉൾപ്പെടെ
നവംബർ 13 - 6.49 കോടി
നവംബർ 15 - 6.02
16 - 5.88
18- 4.92
തിങ്കളും കൈവിട്ടു
അവധി ദിവസം കഴിഞ്ഞുവരുന്നതായതിനാൽ തിങ്കളാഴ്ചയാണ് ഏറ്റവും കൂടുതൽ കളക്‌ഷൻ ലഭിക്കുന്നത്. എന്നാൽ 19ന് ലഭിച്ച കളക്‌ഷൻ 6.3 കോടി രൂപ. ഇതിനു മുമ്പുള്ള തിങ്കളാഴ്ച (12ന്) 7.24 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ മാസം 22ന് 7.95 കോടി രൂപയായിരുന്നു കളക്‌ഷൻ.