കാര്യമറിയാതെയുള്ള തർക്കങ്ങളിൽപ്പെട്ട് കിടന്നുപോകാതിരുന്നെങ്കിൽ സിറ്റിഗ്യാസ് പദ്ധതി സംസ്ഥാനത്തുടനീളം നാലുവർഷം മുൻപേ പ്രാവർത്തികമാകേണ്ടതായിരുന്നു. ഗ്യാസ് കൊണ്ടുപോകുന്നതിനുള്ള പൈപ്പ് ഇടുന്നതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളും ഭയാശങ്കകളുമാണ് പദ്ധതി നീട്ടിക്കൊണ്ടുപോയത്. എൽ.ഡി.എഫ് സർക്കാർ രണ്ടരവർഷം മുൻപ് അധികാരത്തിൽ വന്നപ്പോഴാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. ആരൊക്കെ എതിർത്താലും ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടാണ് ഏറെ വൈകിയെങ്കിലും പദ്ധതി ഇപ്പോൾ ആരംഭിക്കാൻ കഴിയുന്നത്.
സംസ്ഥാനത്തെ ഏഴു ജില്ലകളെ ഉൾപ്പെടുത്തിയുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുകയാണ്. വെബ് കാസ്റ്റ് വഴിയാകും ചടങ്ങ്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഉദ്ഘാടന പരിപാടി ദൃശ്യമാകും.
ഏറ്റവും ചെലവു കുറഞ്ഞ പ്രകൃതി വാതകം സംസ്ഥാനത്തെ ഓരോ വീട്ടിലും എത്തിക്കുകയാണ് സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കൊച്ചി എൽ.എൻ.ജി ടെർമിനലിൽ ഇറക്കുമതി ചെയ്യുന്ന വാതകം പൈപ്പ് വഴി ആദ്യം ഏഴു ജില്ലകളിൽ എത്തിക്കുന്ന ആദ്യ ഘട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനമാണ് വ്യാഴാഴ്ച നടക്കുന്നത്. ഇതോടൊപ്പം തന്നെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അടുത്ത ഘട്ടം പദ്ധതിയുടെ ടെൻഡർ നടപടികളും തുടങ്ങാൻ പോവുകയാണ്.
കൊച്ചിയിൽ തുടക്കം കുറിച്ച സിറ്റി ഗ്യാസ് പദ്ധതി വിചാരിച്ച വേഗത്തിൽ പുരോഗതി പ്രാപിച്ചില്ല. നാല്പതിനായിരത്തിൽപ്പരം ഗാർഹിക കണക്ഷനാണ് ലക്ഷ്യം വച്ചതെങ്കിലും കഷ്ടിച്ചു മൂവായിരം കണക്ഷൻ നൽകാനേ ഇതിനകം കഴിഞ്ഞുള്ളൂ. പൈപ്പ് ലൈൻ കടന്നു പോകേണ്ട വിവിധ ജില്ലകളിലെ ജനങ്ങളിൽ നിന്നുയർന്ന അതിശക്തമായ എതിർപ്പുകളാണ് പദ്ധതിയുടെ ചിറകൊടിച്ചത്. ഉയർന്ന തോതിൽ നഷ്ട പരിഹാരം നൽകിയും ജനങ്ങളുടെ ഭീതി അസ്ഥാനത്താണെന്ന് ബോദ്ധ്യപ്പെടുത്തിയും പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ കഴിഞ്ഞതുകൊണ്ടാണ് ഇപ്പോഴെങ്കിലും പദ്ധതി നടപ്പാക്കുന്നതിനുള്ള അരങ്ങൊരുങ്ങുന്നത്. ഏഴു വടക്കൻ ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്യാസ് വിതരണ പദ്ധതിക്ക് 1200 കോടി രൂപയാണ് ചെലവ്. പതിനേഴേകാൽ ലക്ഷം കണക്ഷൻ നൽകുകയാണ് ലക്ഷ്യം. ഇതിനായി ഏഴു ജില്ലകളിലായി 596 എൽ.എൻ.ജി പമ്പുകൾ നിലവിൽ വരും. പദ്ധതി എട്ടുവർഷം കൊണ്ട് പൂർത്തിയാകുമ്പോൾ പതിനായിരം പേർക്കെങ്കിലും പുതുതായി തൊഴിൽ ലഭിക്കും. നികുതിയിനത്തിൽ സംസ്ഥാന സർക്കാരിനും വൻ നേട്ടമുണ്ടാകും. നേരത്തേയുള്ള കണക്കനുസരിച്ച് പ്രതിവർഷം ആയിരം കോടിയുടെ നികുതി വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 5827 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ഇടേണ്ടി വരും. പുതിയ പ്രതിബന്ധങ്ങൾ ഉയരാതിരുന്നാൽ അടുത്ത ഒരു ദശകത്തിനകം സംസ്ഥാനത്തിന് ഗ്യാസ് ലൈൻ പദ്ധതി വഴി വൻ വികസന സാദ്ധ്യതകളാവും തെളിയുന്നത്. ഗാർഹിക കണക്ഷനു പുറമെ വാഹനങ്ങൾക്കും വ്യവസായ ശാലകൾക്കും പ്രകൃതിവാതകം പ്രയോജനപ്പെടുത്താനാകും. ഇതിനായി പ്രത്യേക സി.എൻ.ജി പമ്പുകളും സ്ഥാപിതമാകും.
സംസ്ഥാനത്ത് സിറ്റി ഗ്യാസ് പദ്ധതിക്കു തുടക്കം കുറിച്ചതിനൊപ്പം മറ്റിടങ്ങളിൽ തുടങ്ങിയ പദ്ധതികൾ നേരത്തേ തന്നെ ഫലപ്രാപ്തിയിലെത്തിയിരുന്നു. കൊച്ചിയിൽ നിന്നും മംഗലാപുരത്തേക്ക് പൈപ്പ് ലൈൻ കടന്നു പോകുന്ന ജില്ലകളിലാണ് ആദ്യം സിറ്റി ഗ്യാസ് പദ്ധതി എത്തുന്നത്. ദേശീയ തലത്തിൽ 84 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിൽ 65 എണ്ണത്തിന്റെ നിർമ്മാണ ഉദ്ഘാടനമാണ് നാളെ പ്രധാനമന്ത്രി നിർവഹിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ അഭൂതപൂർവമായ വിലക്കയറ്റം പരിഗണിക്കുമ്പോൾ വളരെ മുന്നേ തന്നെ പൂർത്തിയാക്കേണ്ട പദ്ധതിയായിരുന്നു ഇത്. സബ്സിഡിയില്ലാത്ത ഒരു ഗ്യാസ് സിലിണ്ടറിന് വില ആയിരം രൂപയോടടുക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രകൃതി വാതകത്തിന്റെ കടന്നുവരവ് സാധാരണക്കാർക്ക് വലിയ അനുഗ്രഹമാകും.സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ എല്ലാ ജില്ലകളിലും ജനങ്ങൾ സഹകരിക്കണമെന്നു മാത്രം.