joseph

തിരുവനന്തപുരം : 'കണ്ണിൻമുന്നിൽ ഇപ്പോഴും ആഞ്ഞടിക്കുകയാണ് ആ രാക്ഷസത്തിര. അതിൽ കണ്ണീരിന്റെ നനവുണ്ട്, പേടി തീർക്കുന്ന ആശങ്കയുണ്ട്. കടലിലേക്ക് നോക്കുമ്പോഴേ ഉള്ള് പിടയും. കരളുറപ്പിച്ച് ഇറങ്ങാറാവുന്നില്ല. നിവൃത്തിയില്ലാതാകുമ്പോൾ കടലിൽ പോകും. പക്ഷേ, പഴയതുപോലെ ചുണ്ടിൽ മൂളിപ്പാട്ടും നെഞ്ചിൽ ആത്മവിശ്വാസവുമായല്ല, മറിച്ച് നെഞ്ചിൽ പേടിയുടെ ചുഴലിയുമായാണ് വള്ളത്തിലെ യാത്ര' - 'ഓഖി' ദുരന്തം പിന്നിട്ട് വർഷം ഒന്നായെങ്കിലും ചെറുപ്പം മുതലേ കടലിനെ അറിയുന്ന പൂന്തുറയിലെ ജോസഫ് സെൽക്യാസിന്റെ ഉള്ളിലിപ്പോഴും അന്നത്തെ രാക്ഷസത്തിര തീർത്ത ഭയം അലയടിക്കുന്നു.

ഓഖിയ്‌ക്ക് ശേഷം കടലിൽ പോകാനാവാതെ മരവിച്ചുപോയ ഒരു മത്സ്യത്തൊഴിലാളിയുടെ ജീവിതമാണിത്. ഭാര്യയും അഞ്ചുമക്കളുമുള്ള കുടുംബത്തെ മറന്നതുകൊണ്ടല്ല ഈ പിന്തിരിയൽ. അതിനുമപ്പുറം ഭയത്തിന്റെ ആവരണമുണ്ട് മനസിൽ. കടലിൽ പോയാലും വള്ളത്തിൽ ഇരിപ്പുറക്കില്ലെന്ന് പറയുമ്പോൾ വ്യക്തമാണ് ജോസഫിന് ഓഖിയേൽപ്പിച്ച ആഘാതം.

ഒരുദിവസം വൈകിട്ട് പതിവുപോലെ കടലിൽ പോയ ജോസഫ് തിരിച്ചെത്തിയത് നാലാം നാളാണ്. കരയ്‌ക്ക് വിളിപ്പാടകലെ വള്ളമെത്തിയിരുന്നു. പെട്ടെന്നാണ് മഴ കനത്തത്. തിര സംഹാരമാടി. വള്ളം മറിഞ്ഞു. ഒരുവിധം അതിൽ പറ്റിപ്പിടിച്ച് കിടന്നു. കൂട്ടത്തിലൊരുത്തൻ വെള്ളത്തിലേക്ക് താഴ്ന്ന് പോകുന്നത് കണ്ടിട്ടും ഒന്നും ചെയ്യാനാവാതെ ഉറക്കെ കരയാനേ കഴിഞ്ഞുള്ളൂ. പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് നേവിയുടെ കപ്പലെത്തി രക്ഷപെടുത്തിയത്. കപ്പലെത്തുന്നതിന് തൊട്ടുമുമ്പ് കടലിലേക്ക് മാഞ്ഞ ശെൽവ‍നെക്കുറിച്ചോർക്കുമ്പോൾ ജോസഫിന്റെ കണ്ണീരുണങ്ങുന്നില്ല. കടലെടുത്ത കൂട്ടുകാരെക്കുറിച്ച് ഇന്നും യാതൊരറിവുമില്ല.

കടലോർമ്മകൾ ബീച്ചിലും മീൻകറിയിലും ഒതുക്കുന്നവർ, കടലേറ്റ് കരൾമുറിഞ്ഞ ഇവരെക്കൂടി ഓർക്കണം. രാക്ഷസത്തിരകളോട് പടവെട്ടുന്ന കടലിന്റെ മക്കളുടെ ഉപ്പുരസമുള്ള ജീവിതത്തേയും.