cow

നെയ്യാറ്റിൻകര: കറവപ്പശുക്കളെ വളർത്തി ഉപജീവന മാർഗം കണ്ടെത്തിയിരുന്ന താലൂക്കിലെ നല്ലൊരു വിഭാഗം ക്ഷീര കർഷകരുടെയും ജീവിതം ഇന്ന് ദുരിതത്തിലാണ്. ക്ഷീര കർഷകർക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതായതോടെ നട്ടംതിരിയുകയാണ് ഇവർ‌. മഴക്കാലമായാൽ തീറ്റപ്പുൽ കിട്ടാത്തതും കാലാവസ്ഥാ വെതിയാനവും പശുവിന്റെ പാൽ ചുരത്താനുള്ള ശേഷിക്കുറവും എല്ലാം കാരണം മുൻകാലങ്ങളിൽ കിട്ടിയിരുന്ന പാലിന്റെ പകുതി മാത്രമെ ലഭിക്കുന്നുള്ളുവെന്നാണ് കർഷകർ പറയുന്നത്. ക്ഷീര മേഖലയിൽ പ്രവർത്തിച്ചിരുന്ന കർഷകരെ സംയോജിപ്പിക്കാനും അവർക്ക് ആവശ്യമായ പരിശീലനം നൽകുവാനുമുള്ള സർക്കാർ സംവിധാനം പ്രയോജനപ്പെടുത്താത്തതും കാരണം പ്രതിസന്ധികൾക്ക് മുന്നിൽ ക്ഷീര കർഷകർ തളരുകയാണ്. ക്ഷീര കർഷകർക്കായി ഒട്ടേറെ ക്ഷേമ പദ്ധതികൾ സർക്കാർ തലത്തിൽ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഏറ്റവും താഴേക്കിടയിലുള്ള സാധാരണ കർഷകർക്ക് ഇവയുടെ യാതൊരു വിധ പ്രയോജനങ്ങളും ലഭിക്കുന്നില്ലെന്ന് അവർ പറയുന്നു.

ക്ഷീര സംഘങ്ങൾ, കച്ചവട കേന്ദ്രങ്ങൾ

ക്ഷീര കർഷകരുടെ ക്ഷേമത്തിനായി രൂപികരിച്ച ക്ഷീര കർഷക സഹകരണ സംഘങ്ങൾ പശുവളർത്തി ജീവിക്കുന്നവർക്ക് വെല്ലുവിളിയാണ്. പാലിന് ഉപഭോക്താക്കളെ കണ്ടെത്തി അലയാതെ ഇവിടെ പാൽ എപ്പോഴും എത്രവേണമെങ്കിലും നൽകാമെന്നതാണ് സംഘം കൊണ്ടുള്ള ഏക ഗുണം. എന്നാൽ പാലിന് കട്ടി കുറഞ്ഞാൽ കർഷകർ വലയും. പശുവിന്റെ ഭക്ഷണത്തിൽ വരുന്ന വെതിയാനങ്ങൾ പാലിന്റെ കൊഴുപ്പിൽ വെത്യാസം വരുത്താറുണ്ട്. പാലിന് കട്ടികുറഞ്ഞാൽ സംഘത്തിൽ നിന്നും ലഭിക്കുന്ന തുകയിലും കുറവുണ്ടാകും. ലാക്ടോമീറ്റർ ഉപയോഗിച്ച് പാലിന്റെ ഗുണമേന്മ തിട്ടപ്പെടുത്തി മാത്രമേ ക്ഷീര കർഷകർക്ക് പാലിന് വില നൽകാറുള്ളു. അവണാകുഴി, രാമപുരം, മാരായമുട്ടം തുടങ്ങിയ പ്രദേശങ്ങളിൽ നൂറു കണക്കിന് കുടുംബങ്ങളാണ് പശുക്കളെ വളർത്തി ഉപജീവനം തേടിയിട്ടുള്ളത്. ഈ പ്രദേശങ്ങളെ ക്ഷീര കർഷക ഗ്രാമങ്ങളായി പ്രഖ്യാപിക്കുകയും അവരുടെ മക്കൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതുൾപ്പെടെ അനുബന്ധ വികസ പദ്ധതികൾ ആരംഭിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

സംഘങ്ങൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത് ലിറ്രറിന് 43.50 രൂപ

ക്ഷീരകർഷകന് സംഘത്തിൽ നിന്നും ലഭിക്കുന്നത് ലിറ്ററിന് 35 രൂപ

സബ്സിഡികൾ റദ്ദാക്കി
വളത്തു പശു പ്രസവിക്കുന്നത് മൂരിക്കുട്ടിയെങ്കിൽ ആറ് മാസം വരെ വളർത്തുവാനുള്ള കാലിത്തീറ്റ സൗജന്യമായി നൽകിയിരുന്ന കന്നുക്കുട്ടി പരിപാലന പദ്ധതി പരിമിതമാക്കിയത് കർഷകർക്ക് തിരിച്ചടിയായി. പശുക്കൾക്ക് രോഗം വന്നാൽ മൃഗാശുപത്രി വഴി സൗജന്യ മരുന്നു നൽകിയിരുന്നതും ഇപ്പോഴില്ല. നാമ മാത്രമായ മരുന്നുകൾ മാത്രമേ മൃഗാശുപത്രിയിലുള്ളു. വിലപിടിപ്പുള്ള മരുന്നുകൾ പുറമേ നിന്നും വാങ്ങണം.

ശാസ്ത്രീയ പരിപാലന രീതി അന്യം
തണുപ്പുള്ള അന്തരീക്ഷത്തിൽ പശുക്കൾക്ക് മാനസിക ഉത്തേജനം നൽകി കൂടുൽ ഉത്പാദന ശേഷി കൈവരുത്തുന്ന ആധുനിക പശുവളർത്തൽ രീതി ഇപ്പോഴും ഇവിടെ നടപ്പാക്കിയിട്ടില്ല. ഡയറി ഫാമുകൾക്ക് സബ്സിഡി നൽകുന്ന വായ്പാ വ്യവസ്ഥ നിലവിലുണ്ടെങ്കിലും പലപ്പോഴും ഇത്തരം വായ്പ കെണിയാണെന്നാണ് കർഷകരുടെ പരാതി. വായ്പാ രീതികളിലെ അശാസ്ത്രീയതയ്ക്ക് പരിഹാരം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ കാലപ്പഴക്കമുണ്ട്. സംയോജിത ഡയറിഫാം നടത്തിപ്പും കേരളീയർക്ക് പ്രായോഗികമായി നടപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്.

ഗുണമേന്മ പരിശോധനയില്ല

ക്ഷീര വ്യവസായ സംഘങ്ങൾ വഴി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന വ്യാജപ്പാൽ നൽകുന്നതായ പരാതി ഇതേ വരെ അന്വേഷിച്ചിട്ടില്ലെന്നും പരാതിയുണ്ട്. സംഘങ്ങൾ വഴി വിതരണം പാൽപ്പൊടി കലക്കി പശുവിൻ പാലായി വിതരണം ചെയ്യുന്നത് അടുത്തിടെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.