pinarayi-vijayan

തിരുവനന്തപുരം: ശബരിമല പിടിച്ചെടുക്കാനുള്ള കർസേവകരായാണ് സംഘപരിവാറുകാർ എത്തിയതെന്നും ആ അജൻഡ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കർസേവകരെ എത്തിച്ച് വൻ ഗൂഢപദ്ധതിയാണ് സംഘപരിവാർ തയ്യാറാക്കിയത്. രാഷ്ട്രീയ താത്പര്യങ്ങൾക്കായി അയ്യപ്പഭക്തരെ ബലിയാടാക്കുകയും ഉപദ്രവിക്കുകയുമാണ്. പ്രശ്നങ്ങൾ സൃഷ്ടിക്കാനായി മാത്രം എത്തിയവരെയാണ് ശബരിമലയിൽ തടഞ്ഞത്. ക്ഷേത്രദർശനത്തിനെത്തിയ ഒരു ഭക്തനെയും തടഞ്ഞിട്ടില്ല. പൊലീസ് സംയമനം പാലിച്ചു. സംഘപരിവാറുകാരുടെ സമരം ഭക്തിയുടെ ഭാഗമല്ല. വിശ്വാസികൾക്ക് സംരക്ഷണം നൽകും. അക്രമികൾക്കും വിശ്വാസത്തെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കുന്നവർക്കും എതിരെ വിട്ടുവീഴ്ചയുണ്ടാവില്ല. തടസമുണ്ടാക്കുന്നവരെ തടയാൻ തന്നെയാണ് തീരുമാനം. കേന്ദ്രമന്ത്രിമാരും നേതാക്കളും ദർശനത്തിനെത്തിയാൽ സൗകര്യമൊരുക്കും. മറ്റ് ലക്ഷ്യമാണെങ്കിൽ ആ നിലയിൽ കാണേണ്ടി വരും.

ശബരിമലയിൽ നടപടി ശക്തമാക്കിയ ശേഷം ഭക്തരോ മാദ്ധ്യമപ്രവർത്തകരോ ആക്രമിക്കപ്പെട്ടിട്ടില്ല. ചിത്തിര ആട്ടത്തിരുനാളിൽ ഇന്നുവരെയില്ലാത്ത അക്രമമാണുണ്ടായത്. സ്ത്രീകളെ സന്നിധാനത്ത് ആക്രമിക്കുന്ന നിലയുണ്ടായി. പേരക്കുട്ടിയുടെ ചോറൂണിന് വന്ന അമ്പത് തികഞ്ഞ സ്ത്രീയെ ആക്രമിച്ചു.

ശബരിമലയിൽ കോൺഗ്രസും സംഘപരിവാറും ചങ്ങാതിമാരാണ്. വോട്ടിന് വേണ്ടി രാജ്യത്തെ വിൽക്കാനും ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടാക്കാനും കൂട്ടുനിൽക്കുന്ന കോൺഗ്രസിന്റെ തെറ്റായ നിലപാട് ആ പാർട്ടിയിലെ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

യു.ഡി.എഫിന്റെ നിരോധനാജ്ഞ ലംഘനത്തെയും മുഖ്യമന്ത്രി കളിയാക്കി. അവർക്ക് അവിടത്തെ നിരോധനാജ്ഞയെക്കുറിച്ച് വിവരമില്ലായ്‌മയുണ്ട്. നാലാൾ കൂടുന്നത് തടയുന്ന നിരോധനാജ്ഞ നിലവിലുണ്ടെന്നാണ് ധാരണ. അങ്ങനെയാണെങ്കിൽ ആർക്കെങ്കിലും പോകാനൊക്കുമോ? മറ്റ് ചില കാര്യങ്ങളിലാണ് അവിടെ നിരോധനാജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു.