ബാലരാമപുരം: തേമ്പാമുട്ടം- തുമ്പോട് മൂർത്തിഭഗവതിക്ഷേത്ര റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങൾ ഏറെയായി. റോഡ് തകർന്നതോടെ പ്രതിഷേധവുമായി നാട്ടുകാർ പ്രതിഷേധത്തിലാണ്. ജില്ലാപഞ്ചായത്തിന്റെയും ബാലരാമപുരം പഞ്ചായത്തിന്റെയും സംയുക്ത ഫണ്ടായ 15 ലക്ഷം രൂപ അനുവദിച്ച് രണ്ട് വർഷം മുമ്പ് നിർമ്മിച്ച റോഡാണ് മഴയത്ത് തകർന്നത്. ഇതിൽ കോൺക്രീറ്റ് ചെയ്ത 35 മീറ്റർ ഭാഗം ഒഴിച്ച് ബാക്കി ടാറിട്ട ഭാഗം മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പള്ളിച്ചൽ പഞ്ചായത്ത് അതിർത്തി പ്രദേശമായ തുമ്പോട് ശ്രീമൂർത്തി ഭഗവതിക്ഷേത്രത്തിന് സമീപം 200 മീറ്ററോളം ഭാഗം റോഡ് ഗതാഗതയോഗ്യമാണെങ്കിലും മുക്കമ്പാലമൂട് എത്തിച്ചേരുന്ന 200 മീറ്റർ ഭാഗം മെറ്റൽ ഇളകി റോഡ് ശോചനീയാവസ്ഥയിലാണ്. എരുത്താവൂർ, റസ്സൽപുരം ഭാഗങ്ങളിൽ എത്തുന്ന വാഹനയാത്രക്കാർ മറ്റ് ഇടറോഡുകളെയാണ് ആശ്രയിക്കുന്നത്.
തേമ്പാമുട്ടം മുതൽ ബാലരാമപുരം സബ്സ്റ്റേഷൻ വരെ വയൽക്കരയോട് ചേർന്നാണ് റോഡ്. ഇക്കാരണത്താൽ വയലിൽ നിന്നുള്ള നീരൊഴുക്ക് റോഡിന് വെല്ലുവിളിയാകുന്നുണ്ട്. നേരത്തെ റോഡിൽ കുഴികൾ രൂപപ്പെട്ടപ്പോൾ മെയിന്റെനൻസ് വർക്കിൽ റോഡിലെ കുഴികളടച്ചെങ്കിലും വീണ്ടും പൊട്ടിപ്പൊളിഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. റോഡിന്റെ ഒരു ഭാഗത്ത് ഭൂമിക്കടിയിലൂടെ ഇലക്ട്രിക്ക് സബ്സ്റ്റേഷന്റെ നാലിഞ്ച് കനത്തിലുള്ള കേബിളുകൾ കുഴിച്ചിട്ടിരിക്കുന്നതിനാൽ ഓട നവീകരണം ഒഴിവാക്കി.
വെള്ളക്കെട്ട് പരിഹാരമില്ല
തേമ്പാമുട്ടം –തുമ്പോട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ലാത്തതാണ് നേരിടുന്ന മറ്റൊരു വെല്ലുവിളി. ഓടനിർമ്മാണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും സബ് സ്റ്റേഷന്റെ കേബിളുകൾ തടസ്സമായതിനാലും റോഡിന്റെ വീതിക്കുറവും ഓടനവീകരണം പ്രോജക്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. ഓടനിർമ്മിക്കാതെ ലക്ഷങ്ങൾ ചെലവിട്ട് ടാറിട്ടാലും റോഡ് മഴയത്ത് പൊട്ടിപ്പൊളിയുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തേമ്പാമുട്ടം മുതൽ സബ്സ്റ്റേഷൻ വരെ കോൺക്രീറ്റ് ഓടനിർമ്മാണത്തിന് അധികൃതർ അനുമതിയാൽ മാത്രമേ റോഡിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സാധിക്കുകയുള്ളൂവെന്നാണ് നാട്ടുകാർ പഞ്ചായത്തിനെ അറിയിച്ചിരിക്കുന്നത്.
റോഡ് നവീകരണം ഉടൻ
മുക്കംമ്പാലമൂട് മുതൽ കിടങ്ങിൽ തുമ്പോട് മൂർത്തീക്ഷേത്രത്തിന് സമീപം വരെ റോഡിന്റെ നവീകരണം ഉടൻ തുടങ്ങുമെന്ന് പള്ളിച്ചൽ പഞ്ചായത്ത് മെമ്പർ ബി. വിക്രമൻ അറിയിച്ചു. മെറ്റൽ ഇറക്കിയിട്ട് 14 മാസമായെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് കരാറുകാരൻ പണികൾ വൈകിപ്പിക്കുകയായിരുന്നു. കരാർ റദ്ദ് ചെയ്യാൻ അസിസ്റ്റന്റ് എൻജിനീയർ നോട്ടീസ് അയച്ചതിനെ തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ പണികൾ തുടങ്ങാമെന്ന് കരാറുകാരൻ പള്ളിച്ചൽ പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്.