തിരുവനന്തപുരം: അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു.
മാർച്ച് 6ന് ആരംഭിച്ച് 27ന് അവസാനിക്കത്തക്ക വിധമാണു പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി 14ന് തുടങ്ങും. പ്രളയക്കെടുതികളെ തുടർന്ന് നിരവധി അദ്ധ്യയന ദിനങ്ങൾ നഷ്‌ടപ്പെട്ട സാഹചര്യത്തിൽ, മാർച്ച് 6ന് തുടങ്ങാനിരുന്ന ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷ ഒരാഴ്‌ചത്തേക്ക് നീട്ടാൻ തീരുമാനിച്ചിരുന്നു. മാർച്ച് 13ന് ആരംഭിക്കുന്ന പരീക്ഷ ഇടവേളകളില്ലാതെ തുർച്ചയായ പ്രവൃത്തി ദിനങ്ങളിലാണ് നടത്തുന്നത്. എന്നാൽ, സയൻസ് വിഷയങ്ങൾ ഉൾപ്പെടെയുള്ള ഹയർ സെക്കൻഡറി പരീക്ഷകൾ ഇത്തരത്തിൽ നടത്തുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുമെന്ന് ഹയർ സെക്കൻഡറി ഡയറക്‌ടർ പി.കെ.സുധീർബാബു പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടത്തിവരുന്ന എസ്.എസ്.എൽ.സി പരീക്ഷ ഹയർസെക്കൻഡറി പരീക്ഷയ്ക്കൊപ്പം രാവിലെ 10 മുതലാക്കണമെന്നതിനെപ്പറ്റി ക്രിസ്‌മസ് പരീക്ഷയ്‌ക്ക് ശേഷം തീരുമാനിക്കും. എസ്.എസ്.എൽ.സി പരീക്ഷയും രാവിലെയാക്കിയാൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികളിൽ ആവശ്യമെങ്കിൽ ചില ക്രമീകരണങ്ങൾ വരുത്തുമെന്ന് ഡയറക്‌ടർ പറഞ്ഞു.
ഹയർ സെക്കൻഡറി പരീക്ഷാഫീസ്
ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫീസ് 240 രൂപയും രണ്ടാം വർഷം 270 രൂപയുമാണ്. ഒന്നാം വർഷക്കാർക്ക് ഡിസംബർ 12 വരെയും രണ്ടാം വർഷക്കാർക്ക് നവംബർ 26 വരെയും പിഴയില്ലാതെ ഫീസടയ്‌ക്കാം.
രണ്ടാം വർഷ പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്‌ക്ക് പരീക്ഷാ സർട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റും നൽകും. ഇതിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ല.
കംപാർട്ട്മെന്റിൽ വിദ്യാർത്ഥികൾക്ക് മാത്രം 2017 മുതൽ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനാണ് നൽകിയത്. അവർ 2018ലെ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയ്‌ക്ക് എഴുതിയ വിഷയത്തിന് മാർച്ച് 2019 ലെ രണ്ടാം വർഷ പരീക്ഷയ്‌ക്കും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഈ വിഭാഗം 2019 മാർച്ചിലെ പരീക്ഷയ്‌ക്ക് വീണ്ടും ഫീസൊടുക്കി അപേക്ഷ നൽകേണ്ടതില്ല. അപേക്ഷാഫോമുകൾ ഹയർസെക്കൻഡറി പോർട്ടലിലും എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും ലഭിക്കും.
ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ അപേക്ഷ നൽകണം. അപേക്ഷകൾ ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. പരീക്ഷാ വിജ്ഞാപനത്തിനും വിശദവിവരങ്ങൾക്കും www.dhsekerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.