cm

പേരുകൾ വെളിപ്പെടുത്തി

തിരുവനന്തപുരം:സന്നിധാനത്ത് കൂട്ട അറസ്റ്റിലേക്ക് നയിച്ച പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആർ. രാജേഷ് ആർ.എസ്.എസിന്റെ മൂവാറ്റുപുഴയിലെ മുൻകാര്യവാഹാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ എറണാകുളം, മൂവാറ്റുപുഴ ജില്ലകളുടെ ചുമതലയുള്ള വിഭാഗ് കാര്യകാരസദസ്യനാണ്. പി.വി.സജീവ് മൂവാറ്റുപുഴ ജില്ലാ കാര്യവാഹാണ്. പി.ആർ. കണ്ണൻ, വിഷ്ണുസുരേഷ്, അമ്പാടി, എ.ബി. ബിജു എന്നിവരും ഭാരവാഹികളാണ്. ഇവരിൽ പലരും സന്നിധാനത്തെത്തിയത് വനത്തിലൂടെയാണ്. ഹരിവരാസനം പാടി നടയടച്ചാൽ സന്നിധാനത്ത് ആരും പാടില്ലെന്നാണ് ആചാരം. അതിന് ശേഷമാണിവരുടെ പ്രതിഷേധം.

ചിത്തിര ആട്ടവിശേഷത്തിന് ഇത്തരക്കാർ പതിനെട്ടാംപടിയിൽ പോലും ആചാരം ലംഘിച്ചു. ശബരിമലയിൽ പ്രക്ഷോഭത്തിന് ആളെയെത്തിക്കാനുള്ള ബി.ജെ.പിയുടെ സർക്കുലർ പുറത്തായതോടെ ഗൂഢപദ്ധതി എല്ലാവർക്കും ബോദ്ധ്യമായി. സ്ത്രീപ്രവേശനത്തിനെതിരെയല്ല, കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ് സമരമെന്ന് പി.എസ്. ശ്രീധരൻപിള്ള പറയുന്നു. രാഷട്രീയമാണ് പ്രശ്നമെങ്കിൽ നമുക്ക് തമ്മിൽ തമ്മിലാവാം. അതിന് സമരം സെക്രട്ടേറിയറ്റിന് മുന്നിലാവാം. ശബരിമലയെ എന്തിന് വേദിയാക്കണം? അയ്യപ്പഭക്തരെ നിങ്ങളുടെ താല്പര്യത്തിന് വിനിയോഗിക്കരുത്. വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും ചേരിതിരിവും കലാപവും ഉണ്ടാക്കാനാണ് ശ്രമം. തലശ്ശേരി, പാനൂർ, കതിരൂർ, കരുനാഗപ്പള്ളി, ശ്രീകാര്യം എന്നിവിടങ്ങളിലൊക്കെ ചില വിഭാഗക്കാരുടെ കടകൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചു.

നെയ്യഭിഷേകത്തിന്റെ പേരിൽ സന്നിധാനത്ത് പ്രക്ഷോഭകർ തങ്ങാനിടയുള്ളത് പൊലീസിന് എപ്പോഴും മുൻകൂട്ടി കാണാനായെന്ന് വരില്ല. അതിനാലാണ് രാത്രികാല നിയന്ത്രണം. സന്നിധാനത്ത് പ്രതിഷേധിച്ചാൽ പൊലീസ് നിസ്സഹായരാവുമെന്ന ധാരണയിലാണ് അവിടെ വേദിയാക്കിയത്. ശരണം വിളിച്ചതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

എന്തെല്ലാം നാടകങ്ങളാണ് കാട്ടിക്കൂട്ടുന്നത്. പരിപാവനമായ ഇരുമുടിക്കെട്ട് ഒരു നേതാവ് പല പ്രാവശ്യം തറയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. പമ്പയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ പ്രളയദുരിതം പരിമിതിയായിട്ടുണ്ട്. എങ്കിലും മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.