വർക്കല: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പാളയംകുന്ന് വേങ്കോട് ശ്രീനിലയത്തിൽ ശ്രീകുമാറിനെ റിമാൻഡ് ചെയ്‌തു. ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്‌ക്ക് അയിരൂർ പൊലീസ് കേസെടുത്തു. 18ന് രാത്രി 7.30ഓടെ ചാവർകോട് ആശാൻമുക്കിന് സമീപമാണ് അപകടമുണ്ടായത്. പാളയംകുന്ന് വണ്ടിപ്പുര ജനതാമുക്ക് പുത്തൻവീട്ടിൽ രാജൻ (45) ആണ് മരിച്ചത്. മരപ്പണിക്കാരമാണ് രാജൻ. ഭാര്യ: വിദ്യ. മക്കൾ: ആരോമൽ,ആർച്ച. മൃതദേഹം ഭാര്യയുടെ ചിതറയിലുള്ള വീട്ടുവളപ്പിൽ സംസ്‌കരിച്ചു. രാജൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിൻഭാഗത്ത് ശ്രീകുമാർ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജന്റെ സഹോദരൻ രാജേന്ദ്രനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങളും പാരിപ്പള്ളിയിൽ നിന്ന് പാളയംകുന്ന് ഭാഗത്തേക്ക് വരികയായിരുന്നു. അപകടം ഉണ്ടാക്കിയകാർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ആദ്യം കാറിൽ തട്ടിയശേഷം നിറുത്താതെ ഓടിച്ചുവരുന്നതിനിടെ പാളയംകുന്ന് സ്വദേശി ഷിറാസിന്റെ ബൈക്കിൽ തട്ടി. അപകടത്തിൽ ഷിറാസിനും പരിക്കേറ്റു. ഇതിനുശേഷം അമിതവേഗതയിൽ മുന്നോട്ടുപോയ കാർ പാളയംകുന്ന് സ്വദേശിയായ മണിലാലിന്റെ കാറിലും ഇടിച്ചു. ഇതിന് ശേഷം നിറുത്താതെ ഓടിച്ചു പോകുന്നതിനിടെയാണ് രാജൻ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്നിലിടിച്ചത്. ഇടിച്ചിട്ട സ്‌കൂട്ടറിനെയും കൊണ്ട് മുന്നോട്ട് നീങ്ങുന്നതിനിടെ സ്വകാര്യബസിന്റെ പിന്നിലിടിച്ചാണ് കാർ നിന്നത്. ശ്രീകുമാറിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. സ്‌കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു.