ksu

തിരുവനന്തപുരം: 2017- 18 വർഷത്തെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തതിൽ വ്യാപകമായി വന്ന പിശകിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം.അഭിജിത് വിദ്യാഭ്യാസ മന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി. കണ്ണൂർ,കോഴിക്കോട്,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിൽ വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളിൽ മിക്കതിലും പ്രിന്റിംഗ് മാഞ്ഞുപോയിരിക്കുന്നു. ഇതുകാരണം, ഉന്നതപഠനത്തിനായി വിവിധ യൂണിവേഴ്സിറ്റികളിൽ പോകുന്ന വിദ്യാർത്ഥികൾ വെട്ടിലായി. പഴയ സർട്ടിഫിക്കറ്റ് പിൻവലിച്ച് പുതിയത് വിതരണം ചെയ്യണം. ഗുണനിലവാരം കുറഞ്ഞ പ്രിന്റിംഗ് ആണ് ഇത്തവണ നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നു. സർട്ടിഫിക്കറ്റ് അച്ചടിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും വിജിലൻസ് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.