തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളിൽ കൂടുതൽ ഇളവ് നൽകാനാവില്ലെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിക്കും. രാജ്യത്ത് ഏറ്റവുമധികം സുരക്ഷാഭീഷണയുള്ള ക്ഷേത്രങ്ങളുടെ പട്ടികയിലുള്ള ശബരിമലയിൽ പ്രതിഷേധങ്ങൾ അനുവദിക്കാനാവില്ല. അതേസമയം, നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവർക്ക് രാത്രിയിൽ സന്നിധാനത്ത് മാർക്കുചെയ്ത സ്ഥലങ്ങളിൽ വിരിവയ്ക്കാൻ അനുവദിക്കും. ടിക്കറ്റെടുക്കാത്ത വൃദ്ധർക്കും കുട്ടികൾക്കും ഇളവുനൽകും. ഭൂനിരപ്പിൽ നിന്ന് നാലരകിലോമീറ്റർ ഉയരത്തിലുള്ള ക്ഷേത്രത്തിൽ കടുത്ത പൊലീസ് നടപടികൾ അസാദ്ധ്യമാണ്. ഒരേവേഷം ധരിച്ചെത്തുന്ന ഭക്തർക്കിടയിൽ മാവോയിസ്റ്റുകളും ഭീകരരും കടന്നുകൂടിയാൽ തിരിച്ചറിയാനാവില്ല. നടപ്പന്തലിലെ നിയന്ത്രണം ഒഴിവാക്കിയാൽ, പൊലീസിന്റെ സുരക്ഷാപദ്ധതി പൊളിയും. നേരത്തേ പ്രതിഷേധങ്ങൾക്ക് വേദിയായ നടപ്പന്തലിൽ വിരിവയ്ക്കാൻ ഇപ്പോൾ അനുവദിക്കുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നും ഡി.ജി.പി സത്യവാങ്മൂലത്തിൽ അറിയിക്കും. സാഹചര്യങ്ങൾ നിയന്ത്രണവിധേയമായാൽ കൂടുതൽ ഇളവുനൽകാമെന്ന ഉറപ്പും പൊലീസ് ഹൈക്കോടതിക്ക് നൽകും.
ബി.ജെ.പിയുടെയും പോഷകസംഘടനകളുടെയും പ്രവർത്തകരാണ് പ്രതിഷേധക്കാരിൽ അധികവും. മുൻകൂട്ടി ആസൂത്രണം ചെയ്ത് സംഘടിതമായി എത്തുന്ന പ്രതിഷേധക്കാർക്കായി നടപ്പന്തലും സന്നിധാനവും വിട്ടുകൊടുക്കാനാവില്ല. ഇവിടങ്ങളിൽ പ്രതിഷേധക്കാർ കടന്നുകൂടിയാൽ ഒഴിപ്പിച്ചെടുക്കുക ദുഷ്കരമാണ്. ദർശനത്തിനെത്തുന്നവരെ നിശ്ചിത സമയത്തിനകം തിരിച്ചയച്ചാലേ നിലയ്ക്കലിലെ ബേസ്ക്യാമ്പിൽ പാർക്കിംഗും ഭക്തരുടെ കടന്നുവരവും സുഗമമാവൂ. തിരിച്ചിറങ്ങാൻ സമയപരിധി വച്ചില്ലെങ്കിൽ, കാത്തുനിൽക്കുന്ന ഭക്തരുടെ തള്ളിക്കയറ്റമുണ്ടായി അത്യാഹിതങ്ങളുണ്ടാവാനിടയുണ്ട്. നടപ്പന്തൽ, സോപാനം, വടക്കേനട, ഫ്ലൈഓവർ, പതിനെട്ടാംപടിക്ക് ചുറ്റുമുള്ള സ്ഥലങ്ങൾ എന്നീ അതിസുരക്ഷാമേഖലകളിൽ വഴിതടയൽ, പ്രകടനം, പ്രതിഷേധം, ധർണ ഇവയൊന്നും അനുവദിക്കാനാവില്ല.
ഞായറാഴ്ച സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരിൽ എട്ടുപേർ പുല്ലുമേട്ടിലൂടെയോ കാട്ടുപാതകളിലൂടെയോ വന്നവരാണ്. വിശാലമായ വനമേഖല ഒന്നാകെ സീൽചെയ്ത് പരിശോധിക്കാൻ പൊലീസിന് പരിമിതികളുണ്ട്. അറസ്റ്റ് ചെയ്യുന്നവരെ പമ്പയിലെത്തിക്കുന്നതും ദുഷ്കരമാണ്. ഈ സാഹചര്യങ്ങൾ നിലനിൽക്കവേ, സുരക്ഷയിൽ ഇളവുനൽകുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കും- സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. സുരക്ഷാഭീഷണിയെക്കുറിച്ചുള്ള കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പുകളും കോടതിയിൽ ഹാജരാക്കും.
എസ്.പി പ്രതീഷ്കുമാറിനും ഭീഷണി
സന്നിധാനത്ത് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത എസ്.പി പ്രതീഷ്കുമാറിനുനേരെ ഗുരുതരഭീഷണിയുണ്ടായി. ഇതേത്തുടർന്ന് പ്രതീഷിന്റെ കുടുംബത്തിന് സംരക്ഷണം നൽകണമെന്ന് ഉത്തർപ്രദേശ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. സന്നിധാനത്ത് പ്രതീഷിന്റെ സുരക്ഷകൂട്ടി. നിലയ്ക്കലിലെ സുരക്ഷാചുമതലയുള്ള എസ്.പി യതീഷ്ചന്ദ്രയ്ക്കും ഭീഷണിയുണ്ട്.
''പ്രതിഷേധക്കാരോട് വിട്ടുവീഴ്ചയില്ല. ഭക്തർക്ക് എല്ലാ ഇളവുകളുമുണ്ട്. യുവതികളെത്തിയാൽ പൂർണസുരക്ഷ നൽകും. എല്ലാ സംരക്ഷണവും ഉറപ്പാക്കും.''
എം.വി. ജയരാജൻ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി