തിരുവനന്തപുരം: ലോക ഫിഷറീസ് ദിനാചരണത്തോടനുബന്ധിച്ച് നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളിൽ ഇന്ന് വിപുലമായ പരിപാടികൾ നടക്കും. സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം തങ്കശ്ശേരി പോർട്ട് ഓഫീസിലേക്ക് മത്സ്യതൊഴിലാളികൾ മാർച്ച് നടത്തും. തിരുവല്ലയിൽ സെമിനാറും സംഘടിപ്പിക്കും.
തീരദേശ കപ്പൽപ്പാത ഉപേക്ഷിക്കുക, കടലും ജലാശയവും മത്സ്യസമ്പത്തും സംരക്ഷിക്കുക, തീരത്തിന്റെയും തീരക്കടലിന്റെയും മേലുള്ള മത്സ്യതൊഴിലാളികളുടെ അവകാശം നിലനിറുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ദിനാചരണം.
കേരളത്തിലെ പ്രളയകാലത്ത് മത്സ്യതൊഴിലാളികളെ 'ഹീറോ' എന്ന് വിശേഷിപ്പിച്ചവർ ഇപ്പോൾ 'സീറോ'കളാക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും ഇത് മാറ്റിയില്ലെങ്കിൽ ശക്തമായ മത്സ്യതൊഴിലാളി പ്രക്ഷോഭമുണ്ടാകുമെന്നും നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ പറഞ്ഞു.