case

തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തിയ നൂറോളം പേർക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. നിരവധി സോഷ്യൽമീഡിയ പേജുകൾ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. യു.എ.ഇയിൽ നിന്നാണ് വിദ്വേഷം പടർത്തുന്ന സന്ദേശങ്ങളേറെയും പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ പാസ്‌പോർട്ട് റദ്ദാക്കി നാട്ടിലെത്തിക്കും. സൈബർസെല്ലും സോഷ്യൽമീഡിയ സെല്ലും ചേർന്ന് സൈബർ പട്രോളും ആരംഭിച്ചിട്ടുണ്ട്.

ജില്ലകളിലെ സൈബർസെല്ലും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വർഗീയത പ്രചരിപ്പിക്കുന്ന പോസ്​റ്റുകൾ നിരീക്ഷിക്കുന്നുണ്ട്. ഇവ പൊലീസ് ആസ്ഥാനത്തെ സെല്ലിനു കൈമാറും.

വിദേശത്തു നിന്നുള്ള പോസ്റ്റുകളിലേറെയും വ്യാജപ്രൊഫൈലുകളിൽ നിന്ന് പോസ്റ്റ് ചെയ്തവയാണ്. മലയാളികളുടേതല്ലാത്തവരുടെ പ്രൊഫൈലുകളിലും ഇത്തരം സന്ദേശങ്ങളുണ്ട്. കേരളത്തിൽ തയ്യാറാക്കിയ സന്ദേശങ്ങൾ വാട്സാപ്പിലൂടെ കൈമാറിയ ശേഷം ഫേസ്ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്യുന്നതാണെന്നാണ് പൊലീസ് സംശയിക്കുന്നു. വർഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന വാട്സാപ്പ്, ഫേസ്ബുക്ക് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പോസ്റ്റ് ചെയ്യുന്നവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി.