politics

നെടുമങ്ങാട് : ബ്രിട്ടീഷുകാരുടെ കലത്തു നിർമ്മിച്ച അരുവിക്കര ഡാം പാലത്തിന്റെ കൈവരികൾ തകർന്ന് ജീർണാവസ്ഥയിലായിട്ടും നടപടികൾ സർവേയിൽ മാത്രമായി ഒതുങ്ങുന്നതായി ആക്ഷേപം. നാൽപ്പത്തി മൂന്നു വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാരുടെ സാങ്കേതിക സഹായത്തോടെ ജല അതോറിട്ടിയാണ് പാലം നിർമ്മിച്ചത്. അരുവിക്കര ഡാമിന് മുകളിലൂടെയുള്ള പാലമായതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർക്ക് ഡാമിന്റെ ഭംഗിയും ആസ്വദിക്കാനാവും. മാത്രമല്ല ഡാം സന്ദർശിക്കുന്നതിലേക്കായി നിരവധി യാത്രക്കാരാണ് ഇവിടെ എത്താറ്. അവരും ഈ പാലത്തെ ആശ്രയിച്ചാണ് കടന്നുപോകാറ്. പഴയകാലത്ത് നിർമ്മിച്ച പാലമായതിനാൽ വീതി വളരെ കുറവാണ്. ഇക്കാരണത്താൽ ഒരേസമയം ഇരുവശങ്ങളിലേക്കും കടന്നുപോവുക പ്രയാസമാണ്. കർക്കടക വാവുബലി സീസണാകുന്നതോടെ പാലം കടക്കുന്നതിനായി വാഹനങ്ങളുടെ നീണ്ടനിര തന്നെ കാണാം. വെള്ളനാട്, അരുവിക്കര നിവാസികൾക്ക് തലസ്ഥാനത്ത് എത്താനുള്ള എളുപ്പമാർഗം കൂടിയാണ് ഈ പാലം. സിറ്റി സർവീസുകൾ ഉൾപ്പടെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും യഥേഷ്ടം സർവീസ് നടത്തുന്നുണ്ട്. ബ്രിട്ടീഷ് നിർമ്മിത പാലത്തിന്റെ കൈവരിയും അടിപ്പട്ടകളും തകർന്നിട്ട് നാളേറെയായി. കുണ്ടും കുഴിയും നിറഞ്ഞ് വെള്ളക്കെട്ട് പതിവായതോടെ ഇതുവഴിയുള്ള യാത്ര ദുസഹമായി. ഡാമിനു സമാന്തരമായി നിർമ്മിച്ചിട്ടുള്ള പാലത്തിന്റെ തൂണുകളിൽ ബന്ധിപ്പിച്ചാണ് പൈപ്പ്ലൈനുകൾ കടന്നുപോകുന്നത്. ഇതും പാലത്തിന്റെ ബലത്തെ ബാധിക്കും. പാലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ജല അതോറിട്ടിയും പൊതുമരാമത്ത് വിഭാഗവും തമ്മിൽ ഏറെക്കാലമായി വടംവലി നടക്കുകയാണ്. ഇക്കാരണത്താലാണ് പാലം പണി അനന്തമായി നീളുന്നത്. റോഡ് നിർമ്മിച്ചത് വാട്ടർ അതോറിട്ടിയാണെന്നും നവീകരണം നടത്താൻ തങ്ങൾക്കറിയാം എന്നാണ് ജല അതോറിട്ടിയുടെ നിലപാട്. നിർമ്മിച്ചത് ആരായാലും യാത്രക്കാരന്റെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കേണ്ട ചുമതല മരാമത്ത് വകുപ്പിനാണെന്ന് മറ്റു ചിലർ ആരോപിക്കുന്നു. പാലം അറ്റകുറ്റപ്പണിക്ക് പലതവണ സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും തമ്മിലടിയിൽ തുക പാഴായെന്നാണ് അറിവ്. ഡാമിനു കുറുകെ പുതിയ പാലം നിർമ്മിക്കണമെന്ന് സ്ഥലം എം.എൽ.എ കെ.എസ്. ശബരീനാഥൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനെ തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി തുക അനുവദിച്ചു. എന്നാൽ ഒരുവർഷം പിന്നിടുമ്പോഴും സർവേ നടപടികൾ പൂർത്തിയായിട്ടില്ല. അധികൃതരുടെ അലംഭാവം വെടിഞ്ഞ് നാട്ടുകാരുടെ ചിരകാല സ്വപ്നമായ പാലം പണി എത്രയുംവേഗം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

''അടുത്ത ബഡ്ജറ്റിൽ അരുവിക്കര പുതിയ പാലം നിർമ്മാണത്തിന് തുക വകയിരുത്തണം.സർവേ നടപടികളും മണ്ണ് പരിശോധനയും പൂർത്തിയായിട്ടുണ്ട്. പാലത്തിന്റെ ഡിസൈനും വിശദമായ എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഉദ്യോഗസ്ഥരാണ് തയ്യറാകുന്നത്''

---കെ.എസ്. ശബരിനാഥൻ എം.എൽ.എ