മലയിൻകീഴ്: വിളവൂർക്കൽ പൊറ്റയിൽ വീടിന്റെ ജനൽച്ചില്ല് തകർത്തത് സൈന്യത്തിന്റെ വെടിയുണ്ടയാണെന്ന് ബാലിസ്റ്റിക് വിദഗ്ദ്ധർ സ്ഥിരീകരിച്ചു. ഇന്നലെ ബാലിസ്റ്റിക് വിദഗ്ദ്ധരും ഫോറൻസിക് സയന്റിഫിക് ലബോറട്ടറി വിദഗ്ദ്ധരും പരിശോധന നടത്തിയ ശേഷമാണ് വെടിയുണ്ട ഫയറിംഗ് സ്റ്റേഷനിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചത്. കാവടിവിളയിൽ അജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് വെടിയുണ്ട ജനൽച്ചില്ല് തകർത്തതായി കണ്ടെത്തിയത്. ആശുപത്രിയിലായിരുന്ന വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് രണ്ടാംനിലയിലെ മുറിയുടെ ജനൽച്ചില്ല് തകർന്നതായി കണ്ടെത്തിയത്. പരിശോധനയിൽ മുറിയിൽ വെടിയുണ്ടയും കണ്ടെത്തി. തുടർന്ന് മലയിൻകീഴ് പൊലീസിൽ വിവരമറിയിച്ചു. മൂക്കുന്നിമലയിൽ സൈന്യത്തിന്റെ ഫയറിംഗ് ഗ്രൗണ്ടിൽ നിന്ന് വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് 5.5 കിലോമീറ്റർ ദൂരമുണ്ടെന്നും അതിനാൽ ജനൽച്ചില്ല് തകർക്കാൻ ഫയറിംഗ് സ്റ്റേഷനിൽ നിന്നുള്ള വെടിയുണ്ടയ്ക്ക് സാധിക്കില്ലെന്നും മൂന്ന് കിലോമീറ്റർ മാത്രമാണ് ഇവിടുന്നുള്ള വെടിയുണ്ടകളുടെ മൂവിംഗ് കപ്പാസിറ്റിയെന്നുമാണ് സൈനിക ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ബാലിസ്റ്റിക് വിദഗ്ദ്ധരുടെ പരിശോധനയിൽ വെടിയുണ്ട തറച്ച വീടും ഫയറിംഗ് സ്റ്റേഷനുമായി ആകാശമാർഗം രണ്ടരക്കിലോമീറ്റർ മാത്രമാണെന്ന് കണ്ടെത്തി. തുടർന്ന് സൈനിക ഉദ്യോഗസ്ഥരെത്തി വെടിയുണ്ട പരിശോധിച്ച് സൈന്യത്തിന്റേതെന്ന് ഉറപ്പാക്കുകയായിരുന്നു.