വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി വെഞ്ഞാറമൂട് ഡിപ്പോയ്ക്കുള്ളിലെ കുഴികൾ യാത്രക്കാരുടെ ജീവനു തന്നെ ഭീഷണിയാവുകയാണ്. മഴക്കാലമായാൽ ഈ കുഴികൾ കുളമാകുന്ന അവസ്ഥയാണ്. ബസിറങ്ങുന്ന യാത്രക്കാരുടെ മുട്ടൊപ്പം വെള്ളമായിരിക്കും. വസ്ത്രം മടക്കി കയറ്റിവച്ചാലേ അവിടെ നിന്ന് കടന്നു പോകാൻ സാധിക്കുകയുള്ളൂ. ബസുകളിൽ കയറണമെങ്കിലും ഈ ചെളി വെള്ളത്തിലൂടെ ഒാടേണ്ട അവസ്ഥയാണ്. ബസിൽ കയറിയാൽ സീറ്റു കിട്ടാതെ നിൽക്കുന്നവർ ബാലൻസ് തെറ്റി വീഴുന്നതും ഇവിടെ പതിവാണ്. ഡിപ്പോയ്ക്കുള്ളിൽ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. കുഴികളിൽ വീഴുമ്പോൾ ഫുട്ബോർഡ് തറയിൽ ഉരഞ്ഞുള്ള അപകടവും ബസിന്റെ പ്ലേറ്റ് പൊട്ടി കട്ടപ്പുറത്താകുന്നതും നിത്യസംഭവമാണ്. ഒരു വർഷം മുമ്പാണ് ലക്ഷങ്ങൾ മുടക്കി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്. എന്നാൽ ടാറിംഗ് കഴിഞ്ഞതിന് പിന്നാലെ പൊളിഞ്ഞിളകി കുഴികൾ രൂപപ്പെടുകയായിരുന്നു. സ്റ്റാൻഡിലെത്തുന്ന എല്ലാവരും ഈ ദുരിതാവസ്ഥ സഹിക്കുകയാണ്. തങ്ങളുടെ ദുരവസ്ഥ നിരവധി തവണ ആധികൃതരെ അറിയിച്ചെങ്കിലും അവരാരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പൊതുവേയുള്ള പരാതി. നിത്യേനെ അറുനൂറോളം ബസുകൾ വിവിധ ഡിപ്പോകളിൽ നിന്ന് ഇവിടെ എത്തുന്നുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് സാധാരണക്കാരാണ് ഡിപ്പോയെ ആശ്രയിക്കുന്നത്. അധികൃതരുടെ ഭാഗത്തുനിന്നു വേണ്ട നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.