തിരുവനന്തപുരം: മോദി- പിണറായി സർക്കാരുകൾ അവരിലർപ്പിതമായ ജനാധിപത്യപരവും ഭരണഘടനാപരവും ഭരണപരവുമായ ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിൽ വരുത്തിയ ഗുരുതരമായ വീഴ്ചയാണ് ശബരിമല വിഷയത്തിൽ കേരളത്തിലെ സമാധാനജീവിതം തകരുന്ന നിലയിലേക്കെത്തിച്ചതെന്ന് വി.എം. സുധീരൻ കുറ്റപ്പെടുത്തി.
പട്ടികജാതി- പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തെ ദുർബലമാക്കിയ സുപ്രീംകോടതിവിധിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയർന്നപ്പോൾ നിയമനിർമ്മാണം നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കിയ കേന്ദ്രസർക്കാർ ശബരിമലവിഷയത്തിൽ നിഷ്‌ക്രിയ നിലപാടുമായി മുന്നോട്ടുപോകുന്നത് എന്തുകൊണ്ടാണ്. ശബരിമലയുടെ കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും എന്തെങ്കിലും കാര്യം ചെയ്യാനുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാരിനാണെന്നും പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറിയത് അദ്ഭുതമാണ്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ നേരത്തെ കേരളത്തിൽ വന്ന് കലാപം അഴിച്ചുവിടുകയും കേന്ദ്ര ആഭ്യന്തരമന്ത്രി ഇപ്പോൾ നിസംഗനായി പ്രതികരിക്കുന്നതും ബി.ജെ.പിയുടെ കള്ളക്കളിയും ഇരട്ടത്താപ്പുമാണ് വ്യക്തമാക്കുന്നത്. ഇത് കൊടിയ ജനവഞ്ചനയാണ്.
മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ സുപ്രീം കോടതിവിധി വന്ന ഉടനെ തന്നെ ഏകപക്ഷീയമായി സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനു അത് വിരുദ്ധമാകുമെന്നുമാണ് പറഞ്ഞത്. ബന്ധപ്പെട്ടവരുമായി ചർച്ചയ്ക്ക് പോലും തയ്യാറാകാതെയായിരുന്നു ഈ പ്രഖ്യാപനം. സ്വതന്ത്രനിലപാട് സ്വീകരിക്കുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും തടസ്സപ്പെടുത്തി.
പാതയോര മദ്യശാലാ നിരോധനം സംബന്ധിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കുന്നതിന് ദേശീയ പാതപോലും അതെല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാർ ശബരിമലവിധി നടപ്പിലാക്കുന്നതിന് കാണിച്ച അമിത ആവേശവും അതിവ്യഗ്രതയുമാണ് സംഘർഷം ഇത്രത്തോളം വളരാൻ ഇടവരുത്തിയത്. ആദ്യഘട്ടത്തിൽ തന്നെ സർവ്വകക്ഷി യോഗമുൾപ്പടെ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി മുന്നോട്ടുപോയിരുന്നെങ്കിൽ ഇത്രമേൽ സംഘർഷത്തിലേക്ക് സ്ഥിതിഗതികൾ എത്തുമായിരുന്നില്ല.
യഥാർത്ഥത്തിൽ ഭക്തജനങ്ങൾക്ക് പ്രാഥമിക സൗകര്യം പോലും ഏർപ്പെടുത്താൻ കഴിയാത്തതും അതിഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സാവകാശ ഹർജി നൽകേണ്ടിയിരുന്നത് സംസ്ഥാന സർക്കാരായിരുന്നുവെന്നും സുധീരൻ ചൂണ്ടിക്കാട്ടി.