തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമദ്ധ്യരേഖയ്ക്കും അടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നലെ രാത്രി 8.30 മണിയോടെ വടക്ക് കിഴക്ക് ശ്രീലങ്കയ്ക്കടുത്തേക്ക് നീങ്ങി. അടുത്ത 24 മണിക്കൂറിൽ തീവ്രത വർദ്ധിച്ച് ഡിപ്രഷനായി രൂപം കൊള്ളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമൂലം ഇന്ന്
കർണാടകയുടെയും കേരളത്തിന്റെയും തെക്കൻ ഉൾപ്രദേശങ്ങളിലും പോണ്ടിച്ചേരി, തമിഴ്നാട്, തെക്ക് ആന്ധ്രപ്രദേശ്, തെക്ക് റായൽസീമ എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകും. കേരളത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നവംബർ 20 ഉച്ച മുതൽ നവംബർ 21 വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരങ്ങളിലും ഗൾഫ് ഒഫ് മാന്നാർ തീരങ്ങളിലും മണിക്കൂറിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റടിച്ചേക്കും. കടൽ ക്ഷോഭിച്ചിരിക്കാനിടയുള്ളതിനാൽ ഇന്ന് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുത്.