തിരുവനന്തപുരം: ആചാരങ്ങളെ സംബന്ധിച്ച സങ്കീർണമല്ലാത്ത പ്രശ്നങ്ങളെ സങ്കീർണമാക്കി മാറ്റുന്നതാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നതെന്നും കേരളം കടന്നുവന്ന സാംസ്‌കാരിക മൂല്യങ്ങളെക്കുറിച്ച് അല്പമെങ്കിലും ബോധമുള്ളവർക്ക് അത് മനസിലാകുമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഭാരത് ഭവൻ, വയലാർ രാമവർമ്മ സാംസ്‌കാരിക വേദി, ചലച്ചിത്ര അക്കാഡമി എന്നിവയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന എം.ടി ചലച്ചിത്രോത്സവം ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് വായനക്കാരുടെ മനസിൽ സിനിമയായി സഞ്ചരിച്ചുകഴിഞ്ഞ രണ്ടാമൂഴം സിനിമയാക്കേണ്ടതില്ലെന്നു താൻ എം.ടിയോട് ആവശ്യപ്പെട്ടിരുന്നതായി സ്പീക്കർ പറഞ്ഞു. സിനിമ പോലെ മനോഹരമായ വായനാനുഭവമാണ് ഈ നോവൽ മലയാളികളുടെ മനസിൽ സൃഷ്ടിച്ചത്. സിനിമയാക്കുമ്പോൾ അതേ അനുഭവം നൽകാൻ സാധിക്കുമോയെന്നു കരുതിയാണ് പറഞ്ഞത്. എന്നാൽ ആ വെല്ലുവിളിയും എം.ടി ധൈര്യത്തോടെ ഉൾക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ജോർജ് ഓണക്കൂർ, ടി.പി. ശാസ്തമംഗലം, പ്രമോദ് പയ്യന്നൂർ, മഹേഷ് പഞ്ചു, എസ്.ആർ. കൃഷ്ണകുമാർ, സജിൻലാൽ, മണക്കാട് രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഉദ്ഘാടനചിത്രമായി 'നിർമ്മാല്യം' പ്രദർശിപ്പിച്ചു. 24 വരെയാണ് ചലച്ചിത്രോത്സവം.