തിരുവനന്തപുരം: ശബരിമല സന്നിധാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കടകളും സ്റ്റാളുകളും ലേലം ചെയ്ത് നൽകുന്ന കാര്യത്തിൽ ഇന്നലെ നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലും തീരുമാനമായില്ല. മണ്ഡലകാലത്തിന് നട തുറന്നിട്ടും കടകൾ അനുവദിക്കുന്നതിലെ കാലതാമസം ബോർഡിന്റെ നഷ്ടം വർദ്ധിപ്പിക്കാനാണ് സാദ്ധ്യത. സന്നിധാനം മുതൽ ഇലവുങ്കൽ വരെയുള്ള സ്ഥലങ്ങളിൽ ഇരുനൂറിലേറെ കടമുറികളും സ്റ്റാളുകളുമാണ് ലേലത്തിനുള്ളത്. ഇതിൽ പകുതിപോലും ലേലത്തിൽ പോയിട്ടില്ല. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ലേലം പിടിച്ച ചുരുക്കം വ്യാപാരികൾ ബോർഡിനോട് തുക തിരികെ ആവശ്യപ്പെടാനും തുടങ്ങിയിട്ടുണ്ട്.

ശബരിമലയിലുണ്ടായ സംഘർഷങ്ങളും അതിനെ തുടർന്ന് ഭക്തരുടെ എണ്ണത്തിൽ വന്ന കുറവുമാണ് ലേലം ഏറ്റെടുക്കാൻ ആളുകൾ കുറയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ലേലത്തുകയുടെ 30 ശതമാനം വരെ ഇളവ് നൽകിയിട്ടും കച്ചവടക്കാർ ലേലത്തിനെത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ കൂടുതൽ ഇളവുകൾ നൽകാനുള്ള സാദ്ധ്യതയുണ്ട്.