തിരുവനന്തപുരം: ശബരിമലയിൽ നെയ്യഭിഷേകത്തിന് ഇപ്പോഴത്തെ സംവിധാനം അപര്യാപ്തമാണെങ്കിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഇന്നലെ കൂടിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
ശബരിമലയിൽ സുരക്ഷയ്‌ക്കായി പൊലീസ് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങളിൽ ചിലത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി യോഗം വിലയിരുത്തി. അപ്പം, അരവണ വിതരണത്തിനായി കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
അവധിദിവസമായ ഇന്നലെ വിശ്വാസികളുടെ വരവ് വർദ്ധിച്ചെന്നും വരു ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നും യോഗം വിലയിരുത്തി. രാത്രിയിൽ സന്നിധാനത്ത് എത്തുന്നവർക്ക് നെയ്യഭിഷേകത്തിനായി രാവിലെ വരെ കഴിയുന്നതിനായി മുറികൾ നൽകി തുടങ്ങിയിട്ടുണ്ട്. നിയന്ത്രണങ്ങൾക്ക് വരും ദിവസങ്ങളിൽ കൂടുതൽ അയവ് വരുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ.