തിരുവനന്തപുരം: തസ്തികകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കെ. എസ്. ഇ.ബി. കാഷ് കൗണ്ടറിൽ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കി. ജനുവരി ഒന്നുമുതൽ രാവിലെ ഒൻപതു തൊട്ടു വൈകിട്ട് നാലുവരെ പ്രവർത്തിക്കും. എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയും രണ്ടുമുതൽ വൈകിട്ട് ആറുവരെയും രണ്ട് ഷിഫ്റ്റുകളിലാണ് ഇപ്പോഴത്തെ ഡ്യൂട്ടി. മാറ്റം വരുത്തുന്നതോടെ കാഷ്യർ തസ്തികയിലെ നിരവധി ഒഴിവുകൾ ഇല്ലാതാകും. തുടക്കത്തിൽ 15000നുതാഴെ ഉപഭോക്താക്കളുള്ള സെക്ഷനുകളിലാണ് നടപ്പാക്കുക.
2000 രൂപയ്ക്ക് മേൽ പ്രതിമാസ വൈദ്യുതി ബിൽ വരുന്ന ഗാർഹികേതര ഉപഭോക്താക്കളുടെ തുക ഒാൺലൈനായി മാത്രമേ ഇനി സ്വീകരിക്കൂ.
ഷിഫ്റ്റ് ഒഴിവാക്കിയതിൽ ഐ.എൻ.ടി.യു.സിയുടെ കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ജനറൽ സെക്രട്ടറി എ. ഷാഹുൽ ഹമീദ് പറഞ്ഞു.