നെയ്യാറ്റിൻകര: ലൈഫ് ഭവനനിർമ്മാണ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ചവർ പെരുവഴിയിൽ.പെരുങ്കടവിള ഗ്രാമ പഞ്ചായത്ത്, നെയ്യാറ്റിൻകര നഗരസഭ, അതിയന്നൂർ ഗ്രാമ പഞ്ചായത്ത് തുടങ്ങി താലൂക്കിലെ ഒട്ടുമിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലൈഫ് ഭവനനിർമാണ പദ്ധതിയുടെ ഗുണഭോക്താക്കൾ അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ്.
നാല് ലക്ഷം രൂപയാണ് വീടില്ലാത്തവർക്ക് ലൈഫ് പദ്ധതി പ്രകാരം ധനസഹായമായി ലഭിക്കുന്നത്. ആദ്യ ഗഡുവായി 40,000 രൂപ നൽകും. പെരുങ്കടവിള പഞ്ചായത്തിലാകട്ടെ 440 ഗുണഭോക്താക്കളിൽ 120 പേർക്കുമാത്രമാണ് ആദ്യഗഡു ധനസഹായം ലഭിച്ചത്. ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടവരെല്ലാം പഞ്ചായത്തുമായി കരാറിലേർപ്പെടുകയും ചെയ്തു.
അതേ സമയം പഞ്ചായത്തുമായി കരാറിലേർപ്പെട്ട ഗുണഭോക്താക്കളെല്ലാം വീട് നിർമിക്കാനായി ഉണ്ടായിരുന്ന കുടിലുകളെല്ലാംപൊളിച്ചുകളഞ്ഞു. വീട് നിർമ്മാണത്തിന് കുഴിയെടുത്തിടുകയും ചെയ്തു. എന്നാൽ, ആദ്യഗഡു സഹായം ലഭിക്കാത്തതിനാൽ, തറകെട്ടിയ 320 ഗുണഭോക്താക്കളും ദുരിതത്തിലാകുകയായിരുന്നു.
ഇവരിൽപ്പലരും ചിലർ ടാർപോളിൻ കെട്ടി ഉള്ള സ്ഥലത്ത് ജീവിക്കുകയാണിപ്പോൾ. ചിലരാകട്ടെ വാടകവീട്ടിലും. ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്ത് പുറത്തിറക്കിയ പട്ടികയിൽനിന്നു മുൻഗണനാടിസ്ഥാനത്തിലാണ് ധനസഹായം നൽകുന്നത്. ബാക്കിയുള്ളവർക്ക് ധനസഹായം ലഭിക്കുന്നതിന് സർക്കാരിൽനിന്ന് ഫണ്ട് ലഭിച്ചില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.
പ്രതികരണം
പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ ഗുണഭോക്താക്കളെ തൃപ്തിപ്പെടുത്തുവാനായി 2017-18 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നും തുക വകമാറ്റിയാണ് ആദ്യഗഡു വിതരണം ചെയ്തത്. ഇതു കാരണം മറ്റ് പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുയാണ്.
അമ്പലത്തറയിൽ ഗോപകുമാർ,
പെരുങ്കടവിള കോൺഗ്രസ് പ്രസിഡന്റ്