മുപ്പത്തിനാലു വർഷം മുൻപു നടന്ന ഡൽഹിയിലെ സിക്ക് വിരുദ്ധ കലാപം പലരുടെയും ഓർമ്മകളിൽ നിന്നുപോലും മായാൻ തുടങ്ങുമ്പോഴാണ് അതുമായി ബന്ധപ്പെട്ട നരഹത്യ കേസുകളിലൊന്നിൽ പ്രതികളിലൊരാൾക്കു വധശിക്ഷയും മറ്റൊരാൾക്കു ജീവപര്യന്തം തടവും ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇതുപോലുള്ള കലാപ കേസുകളിൽ അപൂർവമെന്നു പറയാവുന്ന സംഭവമാണിത്.
1984 ഒക്ടോബർ 31-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ ഔദ്യോഗിക വസതിയിൽ വച്ച് സിക്കുകാരനായ അംഗരക്ഷകൻ വെടിവച്ചു കൊലപ്പെടുത്തിയതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട സിക്ക് വിരുദ്ധ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട സിക്കുകാരുടെ കൃത്യമായ കണക്ക് ഇപ്പോഴും ആരുടെ പക്കലുമില്ല. ഔദ്യോഗിക കണക്കു പ്രകാരം 2733 പേരാണ് ഡൽഹിയിലും ഇതര ഭാഗങ്ങളിലുമായി നടന്ന കലാപത്തിൽ കൊല്ലപ്പെട്ടത്. അനൗദ്യോഗിക കണക്കിൽ മരണപ്പെട്ട സിക്കുകാർ ഇതിന്റെ നാലിരട്ടിയാണ്. ഡൽഹിയിൽ സമുന്നതരായ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കലാപകാരികൾ സിക്കുകാരുടെ എണ്ണമറ്റ സ്ഥാപനങ്ങളും വസ്തുവകകളും പാടേ നശിപ്പിക്കുകയും തെരുവുകളിൽ സിക്കുകാരെന്നു തോന്നുന്നവരെ നിഷ്കരുണം വധിക്കുകയുമായിരുന്നു. ഭരണകൂടം തന്നെ സ്തംഭിച്ചുപോയ ദിവസങ്ങളായിരുന്നു അത്.
കലാപങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിനു കേസുകളെടുത്തെങ്കിലും അധികവും കാലഹരണപ്പെടുകയാണുണ്ടായത്. സാക്ഷികളുടെയും തെളിവുകളുടെയും അഭാവം ഒട്ടുമിക്ക കേസുകളിലും പ്രതികൾക്കു തുണയാവുകയും ചെയ്തു. ഇന്ത്യയുടെ യശസ്സിനും മതേതര സങ്കല്പത്തിനും തീരാക്കളങ്കമുണ്ടാക്കിയ സിക്ക് വിരുദ്ധ കലാപത്തിന്റെ മുറിവുകൾ അതേപടി നിൽക്കുമ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലുള്ള വർഗീയ കലാപങ്ങൾ ഉണ്ടായി. അനവധിയാളുകൾക്ക് അവയിൽ ജീവൻ നഷ്ടമായിട്ടുമുണ്ട്. 2002-ൽ ഗുജറാത്തിൽ നടന്ന മുസ്ളിം വിരുദ്ധ കലാപമാണ് ഇതിൽ പ്രധാനം. ഈ കലാപത്തിൽ മരണമടഞ്ഞവരുടെ യഥാർത്ഥ കണക്കും സിക്ക് വിരുദ്ധ കലാപത്തിലെന്നപോലെ ഇപ്പോഴും അജ്ഞാതമായി നിൽക്കുകയാണ്.
സിക്ക് വിരുദ്ധ കലാപത്തിലെ എഴുതിത്തള്ളിയ കേസുകളിലൊന്നിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമഫലമായി പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനായത്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ഡൽഹിയിലെ മഹിപാൽപൂരിൽ ഹർദേവ് സിംഗ്, അവ്താർ സിംഗ് എന്നീ യുവാക്കൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആയിരത്തോളം വരുന്ന കലാപകാരികൾ യുവാക്കളുടെ കട ആക്രമിക്കുകയും എല്ലാം തല്ലിത്തകർക്കുകയും ചെയ്തു. കലാപകാരികളിൽ നിന്ന് ഓടിയൊളിക്കാൻ യുവാക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നു താഴേക്കു തള്ളിയിട്ടതിനെത്തുടർന്നാണ് സിക്ക് യുവാക്കൾക്കു ജീവൻ നഷ്ടപ്പെട്ടത്. തെളിവില്ലെന്നു കണ്ട് 1994-ൽ എഴുതിത്തള്ളിയ ഈ കേസ് 2015-ൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ട്രാൻസ്പോർട്ട് കമ്പനി നടത്തുന്ന യശ്പാൽ സിംഗ്, നരേഷ് ഷെറാവത്ത് എന്നിവർക്ക് സിക്ക് യുവാക്കളുടെ മരണത്തിലുള്ള ബന്ധം സ്ഥാപിച്ചെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനു സാധിച്ചതുകൊണ്ടാണ് കടുത്ത ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത്. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന കേസുകൾ വേറെയുമുണ്ട്. സിക്ക് വിരുദ്ധ കലാപക്കേസുകളിൽ ആദ്യ വധശിക്ഷ വിധിക്കപ്പെടുന്ന കേസും ഇതാണ്.
മൂന്നര പതിറ്റാണ്ടോളം നീതിയുടെ ബലിഷ്ഠകരങ്ങളിൽ പെടാതെ സർവതന്ത്ര സ്വതന്ത്രരായി കഴിഞ്ഞിരുന്ന പ്രതികളെ സംബന്ധിച്ചിടത്തോളം അഡിഷണൽ സെഷൻസ് കോടതിയുടെ വിധിതീർപ്പ് വെള്ളിടി തന്നെയാണ്. നീതിപാലകരും ഭരണകൂടവും ചേർന്ന് ഒരുക്കിയ സംരക്ഷണ കവചങ്ങൾ സത്യത്തിന്റെയും നീതിയുടെയും മുൻപിൽ സ്വയം പൊട്ടിത്തകരുന്ന കാഴ്ചയാണിവിടെ കാണുന്നത്. കുറ്റവാളികൾ എന്നെങ്കിലുമൊരിക്കൽ പിടിക്കപ്പെടുമെന്നും അർഹതപ്പെട്ട ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നുമുള്ള കേവലനീതി നടപ്പാകുകയാണ് ഇവിടെ. കലാപക്കേസുകളിലെ പ്രതികൾ പൊതുവേ രക്ഷപ്പെടാറുള്ളത് അധികാര സ്ഥാനങ്ങളിലിരിക്കുന്നവരിൽ പലരും മനഃപൂർവം കണ്ണടയ്ക്കുന്നതുകൊണ്ടാണ്. സിക്ക് വിരുദ്ധ കലാപത്തിലും ഗുജറാത്തിലെ മുസ്ളിം വിരുദ്ധ കലാപത്തിലും ഉൾപ്പെട്ട പ്രതികളിൽ ഭൂരിഭാഗവും അധികാരത്തിലിരുന്നവരുടെ പ്രത്യക്ഷവും പരോക്ഷവുമായ ആശീർവാദവും പിന്തുണയും കൊണ്ട് രക്ഷപെട്ടവരാണെന്നത് നാടാകെ അറിയുന്ന കാര്യമാണ്. സിക്ക് വിരുദ്ധ കലാപത്തിന്റെ പേരിൽ 2005-ൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ്, പാർലമെന്റിൽ രാഷ്ട്രത്തോട് മാപ്പു പറഞ്ഞത് ചരിത്രരേഖയാണ്.
എത്ര വൈകിയാലും കലാപ കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നു വരുന്നത് ശുഭലക്ഷണമാണ്. ചിലപ്പോൾ അതിനായി അത്യദ്ധ്വാനം തന്നെ വേണ്ടിവരും. ഇരകളും അനീതിയുടെ പക്ഷത്തു നിൽക്കാൻ വിസമ്മതിക്കുന്ന സമൂഹവും വിചാരിച്ചാൽ നീതിദേവതയുടെ കടാക്ഷം ലഭിക്കുക തന്നെ ചെയ്യും. ജനങ്ങൾ മറന്നുകഴിഞ്ഞ സിക്ക് വിരുദ്ധ കലാപത്തിലെ രണ്ട് മനുഷ്യാധമന്മാർക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ അതിനുള്ള തെളിവാണ്. നിയമത്തിന്റെ പിടിയിൽപ്പെടാതെ അധികാര കേന്ദ്രങ്ങൾ ഒരുക്കിയ സുരക്ഷാവലയത്തിൽ ഒളിച്ചുകഴിയുന്ന മറ്റു പ്രതികൾക്കുള്ള മുന്നറിയിപ്പു കൂടിയാണിത്.