t5tt

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം വിഴുങ്ങിയ പ്രദേശങ്ങളെ വീണ്ടെടുക്കാൻ കർമ്മനിരതരായി യംഗ് ഇന്ത്യ രംഗത്ത്. പ്രളയബാധിത പ്രദേശങ്ങളിൽ നേരത്തേ രക്ഷാപ്രവർത്തനത്തിനും അടിസ്ഥാന സഹായ വിതരണത്തിനും ഇറങ്ങിത്തിരിച്ച യംഗ് ഇന്ത്യയുടെ പ്രവർത്തകർ പുനർനിർമ്മാണ പ്രവർത്തനങ്ങളുമായാണ് ഇപ്പോൾ സജീവമാകുന്നത്. പ്രളയബാധിത മേഖലയിലെ വീടുകളും സ്‌കൂളുകളടക്കമുള്ള കെട്ടിടങ്ങളുടെയും പുനർനിർമ്മാണം, കൃഷി, ജീവനോപാധികൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കുന്ന തിരക്കിലാണ് ഇവർ.

ഇതിനുള്ള ഫണ്ട് കണ്ടെത്താൻ വിവിധ പ്രവർത്തനങ്ങളുമായി യംഗ് ഇന്ത്യ തിരുവനന്തപുരം ചാപ്ടർ പ്രവർത്തകർ മുന്നോട്ടു പോകുകയാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്‌കൂളുകളും കൃഷിയിടങ്ങളും സെപ്തംബർ ആദ്യം സന്ദർശിച്ചതിനുശേഷമാണ് ദീർഘകാലാടിസ്ഥാനത്തിൽ പുനർനിർമ്മാണം ലക്ഷ്യമിട്ട് ഫണ്ട് ശേഖരിക്കാൻ തീരുമാനിച്ചത്. ധനസമാഹരണത്തിനായി ടെക്‌നോപാർക്കിലെ കമ്പനികളുടെ സംഘടനയായ ജി.ടെക്കും സാംസ്‌കാരിക സംഘടനയായ 'നടന'യുമായി സഹകരിച്ച് യംഗ് ഇന്ത്യ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റിവൈവൽ കൺസേർട്ടും കാർണിവലും ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ആറായിരത്തോളം പേരാണ് സംഗീതനിശ ആസ്വദിക്കാനെത്തിയത്. ഒറിഫിയോ ക്വിൻറ്റെറ്റ്, സ്റ്റീഫൻ ദേവസി, ഹരിഹരൻ എന്നിവർ കൈകോർത്ത കലാമേളയുടെ വിജയം തിരുവനന്തപുരത്തുകാരുടെ ഐക്യം പ്രകടമാക്കുന്നതായിരുന്നു. സംഗീതനിശ വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് യംഗ് ഇന്ത്യ പുനർനിർമ്മാണ പ്രവർത്തനത്തിന്റെ അടുത്ത ഘട്ടവുമായി മുന്നോട്ടു പോകുന്നത്.


രക്ഷാപ്രവർത്തനത്തിൽ സജീവം

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ കേരളം പ്രളയത്തിൽ മുങ്ങിത്താണപ്പോൾ കൈത്താങ്ങായ നിരവധി പേരിൽ യംഗ് ഇന്ത്യയുടെ പ്രവർത്തകരും മുൻപന്തിയിലുണ്ടായിരുന്നു. പൂവാറിൽ ലീല ബാക്ക് വാട്ടേഴ്സ് റിസോർട്ട് നടത്തുന്ന വിനിൽ, സുഹൃത്തുക്കളായ അൻസാർ, രാഹുൽ എന്നിവരാണ് യംഗ് ഇന്ത്യ തിരുവനന്തപുരം ചാപ്ടറിനെ പ്രതിനിധീകരിച്ച് ആദ്യം ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. തുടർന്ന് യംഗ് ഇന്ത്യൻ ടീം അംഗങ്ങളായ ഇജാസ്, മാത്യൂസ്, ജാക്ക്, നന്ദകുമാർ എന്നിവർ കൂടി ചേർന്നു. 1400ഓളം പേരെയാണ് ഇവർ രക്ഷപ്പെടുത്തിയത്. രാജ്യത്തെമ്പാടുമുള്ള നഗരങ്ങളിലെ 42 യംഗ് ഇന്ത്യൻ ചാപ്ടറുകളിൽ നിന്ന് ആഹാരം, മരുന്ന്, വസ്ത്രങ്ങൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ നിറച്ച ട്രക്കുകൾ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും അയച്ചു.


കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഫണ്ട് കണ്ടെത്താനായി കാര്യവട്ടത്ത് നടത്തിയ കലാമേളയോട് കലവറയില്ലാതെ സഹകരിച്ച ഓരോരുത്തരെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. ഇതിലൂടെ ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യത്തിൽ നിങ്ങൾ ഓരോരുത്തരും പങ്കാളിയാകുകയാണ്.

-ഡോ. അരുൺ സുരേന്ദ്രൻ, യംഗ് ഇന്ത്യ

തിരുവനന്തപുരംചാപ്ടർ ചെയർമാൻ