പാലോട് : പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ തെന്നൂർ നരിക്കല്ല് നാലു സെന്റ് കോളനിക്കാർക്ക് പറയാനുള്ളത് പരാതികളുടേയും പരിദേവനങ്ങളുടെയും കഥയാണ്. കൈവശരേഖകളോ പട്ടയമോ ഇല്ലാതെ ഇരുപതോളം കുടുബങ്ങളാണ് ഇവിടെ കഴിയുന്നത്. കാലാകാലങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെ ആനുകൂല്യ പട്ടികയിൽ നിന്നും ഇവരെ ഒഴിവാക്കുന്നതും പതിവാണ്. ഏതു നിമിഷവും നിലംപൊത്താവുന്ന വീടുകളിൽ ഭീതിയോടെ ഓരോ ദിവസം തള്ളിനീക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷനിൽ ഇവർക്ക് ഇടം നൽകിയിട്ടില്ല. സ്വന്തമായി ഭൂമിയുള്ളവർക്ക് ഭൂമിയുള്ളവർക്ക് മാത്രമേ ലൈഫ് മിഷൻ പദ്ധതിയിൽ അർഹതയുള്ളുവെന്നാണ് അദികൃതർ നൽകുന്ന വിശദീകരണം. ഗ്രാമസഭകളിൽ നരിക്കല്ലുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും വസ്തുവിന് കൈവശരേഖ അനുവദിക്കാൻ അധികൃതർ തയാറല്ല. കോളനിയിലേക്ക് വഴിയും ശുദ്ധജലവും എത്തിക്കുന്നതിലും അധികൃതർ വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ട്.
ദുരിതം പേറി
കോളനി വാസികൾക്ക് സഞ്ചരിക്കാൻ ഒരു ഇടവഴി മാത്രമാണുള്ളത്. കിടപ്പുരോഗികളെ ചാക്കിൽ കിടത്തി ചുമന്നാണ് വാഹനത്തിൽ കയറ്റുന്നത്. കോളനിവാസികൾക്ക് ഉപയോഗത്തിനുള്ള വെള്ളത്തിന് പൊതുകിണറിനെയാണ് ആശ്രയിക്കുന്നത്. വേനൽക്കാലമാവുമ്പോൾ ശുദ്ധജലക്ഷാമം രൂക്ഷമാകും. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനം കുട്ടികളുടെ പഠിപ്പിനും ദൈനംദിന ചെലവുകൾക്കും മാത്രമേ തികയുന്നുള്ളു. കൈവശ രേഖയ്ക്കായി കോളനി വാസികൾ ചവിട്ടാത്ത സർക്കാരോഫീസുകൾ കുറവാണ്. വഴിയും കിണറും പണിയാൻ വലിയ തുക വേണം. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇവ ചെയ്യാമെന്നതേയുള്ളു. ഏതിനും പട്ടയം വിതരണം ചെയ്യുക എന്നതാണ് ഏക പോംവഴി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പറന്നെത്തുന്ന രാഷ്ട്രീയ നേതാക്കളെ വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നെ പൊടിപോലും കണ്ടുകിട്ടില്ല.
സമരത്തിനൊരുങ്ങി റസിഡന്റ്‌സ് അസോസിയേഷനുകൾ
നരിക്കല്ല് നാലുസെന്റ് കോളനി വാസികളുടെ ദുരിതമകറ്റാൻ അടിയന്തരമായി കൈവശഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ (ഫ്രാറ്റ് ) വിതുര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ജില്ലാകളക്ടർക്ക് നിവേദനവും നൽകി. ഫ്രാറ്റ് മേഖല പ്രസിഡന്റ് ജി. ബാലചന്ദ്രൻ നായർ, സെക്രട്ടറി തെന്നൂർ ഷിഹാബ്, വിജയൻപിള്ള ആർ. ഗീത എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും കോളനി സന്ദർശിച്ചു.