politics

നെടുമങ്ങാട്: നിരവധി ചലച്ചിത്രകാരന്മാരെ സംഭാവന ചെയ്ത നെടുമങ്ങാടിന്റെ മണ്ണിൽ ആദ്യത്തെ സിനിമ കൂട്ടായ്മക്ക് തുടക്കം കുറിച്ചു. സിനിമാപ്പുര മൂവി ഫോറം എന്നു പേരിട്ട കൂട്ടായ്മയുടെ ഉദ്ഘാടനവും ആദ്യ ചലച്ചിത്രപ്രദർശനവും ടൗൺ എൽ.പി.എസിൽ നടന്നു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം നിർവഹിച്ചു. ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ ' ഒറ്റമുറി വെളിച്ച'ത്തിന്റെ സംവിധായകൻ രാഹുൽ റിജി നായരെ ആദരിച്ചു. നിപിൻ നാരായണൻ സംവിധാനം ചെയ്ത് ദേശീയ-അന്തർദേശിയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ 'അരിമ്പാറ' എന്ന ഹ്രസ്വ ചിത്രവും ബോണക്കാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 'ഒറ്റമുറിവെളിച്ചം' എന്ന സിനിമയും പ്രേക്ഷകരുടെ കൈയടി നേടി. ''ആളൊരുക്കം'' സിനിമയിലൂടെ അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ വി.സി. അഭിലാഷിന്റെ നേതൃത്വത്തിലാണ് നെടുമങ്ങാട് മൂവി ഫോറത്തിന്റെ പ്രവർത്തനം. നിഖിൽ സൈമൺ, അനൂപ്, ഷിഹാസ്, ജയശങ്കർ, വിഷ്ണു എന്നിവരാണ് മറ്റംഗങ്ങൾ.