dgfg

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളോടെ

തയ്യാറാക്കിയ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തീവ്രപരിചരണ വിഭാഗങ്ങളാണ് പ്രധാനമായും ഈ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെന്റിലേറ്റർ സംവിധാനമുള്ള നൂറോളം ഐ.സി.യു കിടക്കകളാണ് ഇവിടെയുള്ളത്. മോഡുലാർ തിയേറ്റർ എന്ന പേരിൽ അറിയപ്പെടുന്ന ഓപ്പറേഷൻ തിയേറ്റർ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർണമായും അണുവിമുക്തമാക്കാൻ കഴിയും. ലൈറ്റും മറ്റ് ഉപകരണങ്ങളുമെല്ലാം തറയിൽവയ്ക്കാതെ തൂക്കിയിടുന്ന ഹാങ്ങിംഗ് പെന്റന്റ് സംവിധാനമാണ് തിയേറ്ററിന്റെ മറ്റൊരു സവിശേഷത.

തറനിരപ്പിന് താഴെ (ജി 2)

പാർക്കിംഗും അനുബന്ധ സൗകര്യങ്ങളും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് ഏരിയ, ഇലക്ട്രിക്കൽ സ്റ്റേഷൻ, പമ്പിംഗ് റൂം, മെയിന്റനൻസ് റൂം, കൂട്ടിരിപ്പുകാർക്കുള്ള ഡൈനിംഗ് റൂം എന്നിവയാണ് ജി 2ൽ ഒരുക്കിയിരിക്കുന്നത്.


തറനിരപ്പിന് താഴെ 1: ആധുനിക മോർച്ചറി

ആധുനിക രീതിയിലുള്ള മോർച്ചറി സംവിധാനമാണ് ജി 1ന്റെ പ്രധാന സവിശേഷത. 48 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസർ സംവിധാനം, ഒരേ സമയം മൂന്ന് പോസ്റ്റ്മോർട്ടങ്ങൾ ചെയ്യാനുള്ള സംവിധാനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന മൃതദേഹത്തിന്റെ ദുർഗന്ധം പോസ്റ്റ്മോർട്ടം റൂമിൽ തങ്ങിനിൽക്കാത്ത വിധത്തിലുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് തയ്യാറാക്കാനുള്ള ഇൻക്വസ്റ്റ് റൂം, വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാനുള്ള ക്ലാസ് റൂം എന്നിവയും ഇവിടെയുണ്ട്.


തറനിരപ്പ്: ജെറിയാട്രിക്‌സ്

വയോജനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ജെറിയാട്രിക് വിഭാഗത്തിൽ

16 കിടക്കകൾ വീതമുള്ള 2 വാർഡുകളാണുള്ളത്.


ഒന്നാംനില: സർജറി, ന്യൂറോസർജറി

വിഭാഗത്തിന്റെ ഐ.സി.യു

അപകടങ്ങളിലൂടെ അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടായവരെ ചികിത്സിക്കുന്ന സർജറി, ന്യൂറോ സർജറി വിഭാഗങ്ങളുടെ ഐ.സി.യുവാണ് ഒന്നാംനിലയിൽ ക്രമീകരിച്ചിരിക്കുന്നത്. തലയ്ക്ക് ക്ഷതമേറ്റവരെ ചികിത്സിക്കാനുള്ള ന്യൂറോ ഐ.സി.യുവിൽ 18 ഉം സർജറി ഐ.സി.യുവിൽ 18ഉം കിടക്കകൾ വീതമുണ്ട്.


രണ്ടാം നില: മൾട്ടി ഡിസിപ്ലിനറി ഐ.സി.യു

വിവിധ രോഗങ്ങൾക്കും അപകടങ്ങൾക്കുമായി പ്രത്യേകം സജ്ജമാക്കിയതാണ് രണ്ടാം നിലയിലെ അനസ്‌തീഷ്യ വിഭാഗത്തിന്റെ മൾട്ടി ഡിസിപ്ലിനറി ഐ.സി.യു. അപകടങ്ങൾ, മാരകമായ അസുഖങ്ങൾ, പകർച്ചപ്പനി, വലിയ ഓപ്പറേഷനുകൾ എന്നീ പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് വിവിധ അവയവങ്ങളുടെ പ്രവർത്തനക്ഷമത കുറഞ്ഞ രോഗികൾക്ക് തീവ്ര പരിചരണം നൽകാനുദ്ദേശിച്ചുള്ളതാണ് 32 കിടക്കകളുള്ള ഈ ഐ.സി.യു.


മൂന്നാം നില: കാർഡിയോളജി

ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് തീവ്രപരിചരണം നൽകാനാണ് മൂന്നാം നില സജ്ജമാക്കിയിരിക്കുന്നത്. കാത്ത് ലാബ്, എക്കോ ലാബ്, 18 കിടക്കകളുള്ള ഐ.സി.യു, 18 കിടക്കകളുള്ള സ്റ്റെപ് ഡൗൺ ഐ.സി.യു എന്നിവയാണ് ഇവിടെയുള്ളത്.


നാലാം നില: കാർഡിയോ തൊറാസിക് സർജറി

ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ രോഗങ്ങൾക്ക് മാത്രമായി ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ നാലാം നിലയിൽ ഒരുക്കിയിരിക്കുന്നു.
18 കിടക്കകളുള്ള ഐ.സി.യുവും 18 കിടക്കകളുള്ള പ്രത്യേക പരിചരണ വിഭാഗവും ഇവിടെയുണ്ട്.