edava-stadium

വർക്കല: വർക്കല താലൂക്കിനു തന്നെ അഭിമാനമാകേണ്ട ഇടവ ഗ്രാമപഞ്ചായത്തിലെ വെൺകുളത്തെ സ്റ്റേഡിയത്തിന്റെ വികസനം വഴിമുട്ടിയത് കായിക പ്രേമികൾക്ക് കനത്ത തിരിച്ചടിയായി. നാട്ടുകാരുടെ കൂട്ടായ്‌മയിലൂടെ പിറന്ന കളിസ്ഥലത്തെ ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയമാക്കാനുള്ള ശ്രമം എങ്ങുമെത്താതെ പാതിവഴിയിലായ മട്ടാണ്. മേക്കുളം ഏലായിലാണ് അഞ്ചര ഏക്കർ വിസ്തൃതിയുള്ള മിനി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. പ്രദേശവാസികൾ പിരിവെടുത്ത് 1987ൽ സ്റ്റേഡിയത്തിനായി സ്ഥലം വാങ്ങുകയും പഞ്ചായത്തിന് കൈമാറുകയുമായിരുന്നു. തുടർന്ന് പഞ്ചായത്ത് സ്പോർട്സ് കൗൺസിലിന് കൈമാറി. ആദ്യ ഘട്ടമെന്നോണം സ്പോർട്സ് കൗൺസിൽ 10 ലക്ഷം രൂപ ചെലവിൽ 400 മീറ്റർ ട്രാക്ക്, ഓഫീസ് റും, ഡ്രസിംഗ് റും എന്നിവ നിർമ്മിച്ചു. കൂടാതെ എം.എൽ.എയുടെ പ്രാദേശിക ഫണ്ടിൽ നിന്നു 5 ലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതിലിന്റെ നിർമ്മാണവും നടത്തി. സ്റ്റേഡിയം നവീകരിക്കുന്നതിന് പഞ്ചായത്തും സ്പോട്സ് കൗൺസിലും മാരത്തോൺ ചർച്ചകൾ നടത്തി പദ്ധതികൾ പലതും തയ്യാറാക്കിയിട്ടും സ്റ്റേഡിയത്തിലെ ആവേശവും പുരുഷാരവവും മാത്രം നിറയ്ക്കാനായില്ല. 2012 ആഗസ്റ്റിൽ വർക്കല ഗവ. ഗസ്റ്റ് ഹൗസിൽ ഗ്രാമപഞ്ചായത്ത് അധികൃതരും സ്പോർട്സ് കൗൺസിൽ ഭാരവാഹികളും നവീകരണത്തെ സംബന്ധിച്ചുള്ള ചർച്ചകളും നടത്തി. വിശദമായ പ്രോജക്ട് തയ്യാറാക്കാൻ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തിയെങ്കിലും ഒരു പദ്ധതിയും പ്രാവർത്തികമാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. 2003ൽ സ്പോട്സ് കൗൺസിൽ ഏറ്റെടുത്ത ശേഷം പണിത ഡ്രസിംഗ് ആൻഡ് ഓഫീസ് കെട്ടിടം മാത്രമാണ് നിലവിലുള്ളത്. സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. സ്റ്റേഡിയത്തിൽ എത്തുന്ന യുവാക്കൾ ഏറെ നിരാശരായി മടങ്ങാറാണ് പതിവ്. നിരവധി തവണ സ്റ്റേഡിയം നവീകരണത്തെ സംബന്ധിച്ച് പരാതികളും നിവേദനങ്ങളുമൊക്കെ പഞ്ചായത്തിനും സ്പോർട്സ് കൗൺസിലിനും, മാറിമാറി വന്ന സംസ്ഥാന സർക്കാരിനും സമർപ്പിച്ചെങ്കിലും ഇവയെല്ലാം സർക്കാർ ഫയലുകളിൽ കുരുങ്ങി കിടക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

ഇടവ മിനിസ്റ്റേഡിയത്തിന്റെ നവീകരണം സംബന്ധിച്ച് നടപടികൾ സ്വീകരിക്കും. സ്പോട്സ് കൗൺസിലിന്റെ സഹകരണത്തോടെ ആധുനിക രീതിയിൽ സ്റ്റേഡിയം നവീകരിച്ച് കായികപ്രേമികൾക്ക് ഉപയോഗപ്രദമാക്കും.

-സുനിത എസ്. ബാബു, (ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)