sabarimala

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വൻതോതിൽ കുറയുകയും നടവരവ് ഗണ്യമായി ഇടിയുകയും ചെയ്തതോടെ ദേവസ്വം ബോർഡ് സമവായത്തിന് രംഗത്തിറങ്ങുന്നു. ശബരിമല സമരവിമുക്തമാക്കി സമാധാനം പുനഃസ്ഥാപിക്കാൻ ആരുമായും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഇന്നലെ അറിയിച്ചു. ക്ഷേത്രവും പരിസരവും സമരകേന്ദ്രമാക്കുന്നതിൽ നിന്ന് പിന്മാറണം. സർക്കാരിന്റെ നിലപാടും ഇതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമലയെ സംബന്ധിച്ച പ്രചാരണങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ശബരിമലയിൽ പണിമിടേണ്ടെന്ന് പ്രചരിപ്പിക്കുമ്പോൾ അത് ബാധിക്കുന്നത് 1258 ക്ഷേത്രങ്ങളെയും പന്ത്രണ്ടായിരത്തിൽ അധികം ജീവനക്കാരെയും പെൻഷൻകാരെയുമാണ്. 92 കോടി രൂപ ശബരിമലയ്ക്ക് അനുവദിച്ചെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞത് അവാസ്തവമാണ്. ആറ് കോടി രൂപ അനുവദിച്ചതിൽ 1.23 കോടി മാത്രമാണ് കിട്ടിയതെന്നും പത്മകുമാർ പറഞ്ഞു.

ശബരിമലയിലെ സൗകര്യങ്ങളിൽ കുറവുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണ്. നിരോധനാജ്ഞയിലും പൊലീസ് സാന്നിദ്ധ്യത്തിലും തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ഒരു വിഭാഗത്തിന്റെ താത്പര്യം അനുസരിച്ച് തീരുമാനിക്കാനാവില്ല. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവർ പരാജയപ്പെടും. സുപ്രീംകോടതിയിൽ സമർപ്പിച്ച കാലതാമസ ഹർജി വൈകാതെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

മനുഷ്യാവകാശ കമ്മിഷൻ സന്ദർശിച്ചപ്പോൾ വെള്ളപ്പൊക്കം മൂലം ഉണ്ടായ അസൗകര്യങ്ങളൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ലെന്നാണ് പറഞ്ഞത്. ഉള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കും. ബയോ ടോയ്ലറ്റുകൾ ഇനിയും നിർമ്മിക്കുന്നുണ്ട്. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകരുത്. അതിനായി എത്ര പണം വേണമെങ്കിലും ചെലവിടും. ബോർഡിന്റെ നിലപാടുകളെല്ലാം ചിന്തിച്ചു തന്നെയാണ് എടുത്തത്. പ്രശ്നം പരിഹരിക്കപ്പെടുമെന്നു തന്നെയാണ് വിശ്വാസം. വരും ദിവസങ്ങളിൽ ബോർഡിന്റെ ഉത്തരവാദപ്പെട്ടവർ ശബരിമലയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.