തിരുവനന്തപുരം: ഗുരുഗോപിനാഥിന്റെ പേരിലുള്ള പ്രഥമ ദേശീയ നാട്യപുരസ്‌കാരം പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ. കനക് റെലെയ്ക്ക് നൽകും. മൂന്നു ലക്ഷം രൂപയും
ശില്പവുമടങ്ങിയതാണ് പുരസ്‌കാരമെന്ന് മന്ത്രി എ.കെ. ബാലൻ, ജൂറി അദ്ധ്യക്ഷ ഡോ. മല്ലികാ സാരാഭായി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാംസ്‌കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമമാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. പരമ്പരാഗത ശൈലിയിൽ ഒതുങ്ങിയിരുന്ന മോഹിനിയാട്ടത്തെ ജനകീയ നൃത്തമായി നവീകരിക്കുന്നതിലും അതിന്റെ തനിമ പ്രചരിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ച നർത്തകിയാണ് ഗുജറാത്തിയായ കനക് റെലെ. പുരസ്‌കാരസമിതി അംഗം പ്രൊഫ. ആഷിഷ് മോഹൻ കോക്കർ, സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്, കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ, നടനഗ്രാമം വൈസ് ചെയർമാൻ കെ.സി. വിക്രമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.