തിരുവനന്തപുരം: മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കോട്ടയത്ത് എൻട്രൻസ് വിദ്യാർത്ഥിയായ പേട്ട പുള്ളിലെയിൻ ഐമെൻ അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് നമ്പർ എ 1 ൽ മുഹമ്മദ് ബഷീർ - ഷമ്മി സലിം ദമ്പതികളുടെ മകൻ മുഹമ്മദ് റമീസ് രാജയാണ് (18) മരിച്ചത്. പരിക്കേറ്റ ബുള്ളറ്റ് യാത്രികനും സൈനികനുമായ അരുൺ (20), സുഹൃത്ത് സജിത്ത് (19) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.
ചൊവ്വാഴ്ച രാത്രി 10.30ന് ശംഖുമുഖം-വെട്ടുകാട് റോഡിൽ കണ്ണാന്തുറ ചെറുവെട്ടുകാട് പള്ളിക്ക് സമീപമായിരുന്നു അപകടം. വെട്ടുകാട്ടുനിന്ന് തിരിച്ചുവരികയായിരുന്ന മുഹമ്മദ് റമീസിന്റെ ബെെക്ക് എതിർദിശയിൽ നിന്ന് വന്ന അരുണിന്റെ ബുള്ളറ്റുമായി ഇടിക്കുകയായിരുന്നു. തെറിച്ച് തൊട്ടടുത്ത വീടിന്റെ മതിലിൽ തലയടിച്ച് വീണ മുഹമ്മദ് റമീസിനെ നാട്ടുകാർ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവധിക്ക് വീട്ടിലെത്തിയതായിരുന്നു റമീസ് രാജ. കുമാരപുരം ജുമാ മസ്ജിദിൽ കബറടക്കി. സുബിന സഹോദരിയാണ്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.