cm

തിരുവനന്തപുരം: വിദ്യാർത്ഥികൾ തീരെ കുറവായ സ്‌കൂളുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് അദ്ധ്യാപകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ
പ്രത്യേക ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ ഉറപ്പാക്കണം.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ അവലോകന യോഗത്തിൽ സംസാരിക്കുകുയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാ
രായ സി.രവീന്ദ്രനാഥ്, ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, എം.എം. മണി, എ.സി. മൊയ്തീൻ എന്നിവരും ചീഫ് സെക്രട്ടറി
ടോം ജോസ് ഉൾപ്പെടെയുളള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ മിഷന്റെ
പ്രവർത്തന പുരോഗതി വിശദീകരിച്ചു. ഈ വർഷം 1,86,000 വിദ്യാർത്ഥികളാണ് കൂടുതലായി പൊതുവിദ്യാലയങ്ങളിൽ
ചേർന്നത്. മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 36.8 ലക്ഷത്തിൽ നിന്ന് 37 ലക്ഷമായി ഉയർന്നു.

സംസ്ഥാനത്ത് 8 മുതൽ 12 വരെയുളള ക്ലാസുകളിൽ 43,329 ക്ലാസ് മുറികൾ ഇ ഹൈടെക് ആയിക്കഴിഞ്ഞു. കിഫ്ബി വഴി ഇതിന് 226 കോടി രൂപയാണ് ചെലവഴിച്ചത്. 97 ശതമാനം വിദ്യാലയങ്ങളിൽ അക്കാ‌ഡമിക് മാസ്റ്റർ പ്ലാൻ പ്രവർത്തന പദ്ധതിയാക്കി മാറ്റിക്കഴിഞ്ഞു. ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ മുഴുവൻ കുട്ടികൾക്കും ഉയർന്നശേഷി കൈവരിക്കുന്നതിനുളള പ്രവർത്തനം നടക്കുന്നു. ഭാഷാശേഷി ഉറപ്പാക്കുന്ന 'മലയാളത്തിളക്കം' പദ്ധതി പ്രൈമറിതലത്തിൽ പൂർത്തിയായി. സെക്കൻഡറി തലം ജനുവരിയിൽ പൂർത്തിയാകും.