തിരുവനന്തപുരം: ക്രമസമാധാനം പാലിക്കാൻ നിലയ്ക്കലിലും സന്നിധാനത്തും ചുമതലപ്പെടുത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചതോടെ പൊലീസ് പ്രതിരോധത്തിലായി. 14 വർഷം സ്പെഷ്യൽ ഓഫീസറായി പരിചയമുള്ള ഐ.ജിമാരായ പി. വിജയൻ, എസ്. ശ്രീജിത്ത് എന്നിവരെ ഒഴിവാക്കി ആദ്യഘട്ടത്തിൽ തന്നെ 'ചൂടൻ പൊലീസിനെ' രംഗത്തിറക്കിയ തന്ത്രമാണ് പാളുന്നത്.
കേന്ദ്രധനകാര്യ സഹമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ പൊൻ രാധാകൃഷ്‌ണനോട് ജൂനിയർ എസ്.പിയായ യതീഷ്‌ചന്ദ്ര പരുഷമായി പെരുമാറിയതും പൊലീസ് നേതൃത്വത്തിന് തലവേദനയായി. കേന്ദ്രമന്ത്രിയും പൊലീസ് സൂപ്രണ്ടും തമ്മിൽ പ്രോട്ടോക്കോളിൽ പത്ത് തട്ടുകളുടെ വ്യത്യാസമുണ്ട്. ഔദ്യോഗിക സന്ദർശനമല്ലെങ്കിലും കേന്ദ്രമന്ത്രിയെത്തുമ്പോൾ പ്രോട്ടോക്കോൾ പാലിച്ചേ പറ്റൂ. എങ്ങനെ പെരുമാറണമെന്നും എന്തു വിളിക്കണമെന്നും എങ്ങനെ ബഹുമാനിക്കണമെന്നും ചട്ടങ്ങളുണ്ട്. ഇതുപ്രകാരം യതീഷ്‌ചന്ദ്രയുടേത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിന് സംസ്ഥാനത്തോട് നിർദ്ദേശിക്കാനാവും. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പഴ്സണൽ മന്ത്രാലയത്തിനു കീഴിലാണ് ഐ.പി.എസ് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥനെതിരേ നടപടി തുടങ്ങാൻ കേന്ദ്രമന്ത്രിയുടെ വിവരണം മാത്രം മതി.
കേന്ദ്രമന്ത്രിയോട് എസ്.പി യതീഷ് സഭ്യമല്ലാത്ത പെരുമാറ്റം നടത്തിയെന്ന് ബി.ജെ.പി ആരോപണമുന്നയിച്ചിട്ടുണ്ട്.
അതേസമയം, ഐ.ജി വിജയ്സാക്കറെയും എസ്.പി യതീഷ്ചന്ദ്രയും നല്ലരീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഇരുവരെയും മാറ്റേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ക്രമസമാധാനപ്രശ്‌നങ്ങളിൽ ഇരുവരും നന്നായി ഇടപെട്ടു. ഇവരെ മാറ്റിയാൽ കർണാടകത്തിൽ നിന്നോ ആന്ധ്രയിൽ നിന്നോ ഉദ്യോഗസ്ഥരെ കൊണ്ടുവരേണ്ടി വരുമെന്നാണ് പ്രതികരണം.
''ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാൻ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതിയുടേത് വാക്കാലുള്ള പരാമർശങ്ങൾ മാത്രമാണെന്നാണ് അറിഞ്ഞത്. ഉത്തരവ് കണ്ടശേഷം പ്രതികരിക്കാം''
ലോക്നാഥ് ബെഹ്റ
പൊലീസ് മേധാവി