വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കീഴാറ്റൂർ പശുവണ്ണറ പ്രദേശങ്ങളെ കെ.എസ്.ആർ.ടി.സി അവഗണിക്കുന്നതുകാരണം ജനങ്ങൾ യാത്രാദുരിതത്തിലാണ്. അരുവിക്കര, കീഴാറ്റൂർ അരുവിക്കര റോഡുകളിൽ ബസ് സർവീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി തയാറാകാത്തതാണ് യാത്രാദുരിതത്തിന് കാരണമെന്നും പരാതിയുണ്ട്. സിറ്റി ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന സിറ്റി ഫാസ്റ്റ് മാത്രമാണ് ഈ പ്രദേശത്തെ ഏക ആശ്രയം. കീഴാറൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും മറ്റു പണികൾക്ക് പോകുന്നവർക്കും ബസുകൾ ഇല്ലാത്തതുകാരണം ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളറട, കാട്ടാക്കട, നെയ്യാറ്റിൻകര, ഡിപ്പോകളിൽ നിന്നും ബസ് സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. കാട്ടാക്കടയിൽ നടന്ന പരാതി പരിഹാര അദാലത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് പരിഹാരമായി കാട്ടാക്കട ഡിപ്പോയിൽ നിന്നും കുരുതംകോട്, ഒറ്റശേഖരമംഗലം , കീഴാറ്റൂർ, പോങ്ങുംമൂട് സർക്കുലർ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പുനൽകിയിട്ട് എട്ടുമാസം പിന്നിട്ടു. എന്നിട്ടും അത് നടപ്പിലായില്ല. അടിയന്തിരമായി യാത്രക്ളേശം പരിഹരിക്കുന്നതിന് കാട്ടാക്കട ഡിപ്പോയിൽ നിന്നും ബസ് സർവീസ് ആരംഭിക്കണമെന്നും സി.പി.ഐ കീഴാറൂർ ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. ഹരി , ബി. അനിൽ, ചന്ദ്രികയമ്മ തുടങ്ങിയവർ പങ്കെടുത്തു.